FACT CHECK

പാക് സൈന്യം അപകടകാരികൾ.. രക്ഷിക്കണം! ഇന്ത്യൻ സൈനികരുടെ വൈറൽ വീഡിയോയ്ക്ക് പിന്നിലെ സത്യമെന്ത്?

പാക് അനുകൂല പ്രൊപ്പഗണ്ട ഹാൻ്റിലുകളാണ് വീഡിയോ പ്രചരിപ്പിക്കുന്നത്

Author : ലിൻ്റു ഗീത

പാക് സൈന്യം അപകടകാരികളാണെന്നും പോരാടാന്‍ തങ്ങള്‍ക്കാവില്ലെന്നും നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കണമെമെന്നും കരഞ്ഞുകൊണ്ട് പറയുന്ന ഇന്ത്യൻ സൈനികരുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ​ മാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സന്ദേശം എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. ഇതിലൊരാള്‍ തങ്ങളുടെ ബുദ്ധിമുട്ടുകള്‍ എസി മുറിയിലിരിക്കുന്ന പ്രധാനമന്ത്രിക്ക് മനസിലാകില്ലെന്ന് കുറ്റപ്പെടുത്തുന്നുമുണ്ട്. പാക് അനുകൂല പ്രൊപ്പഗണ്ട ഹാൻ്റിലുകളാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. എന്താണ് വീഡിയോയുടെ വസ്തുത.

വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ തന്നെ അതിൽ നിരവധി അസ്വഭാവികതകൾ കണ്ടെത്തി. ഒരു ക്ലിപ്പിൽ, സൈനീക ഉദ്യോഗസ്ഥന്റെ യൂണിഫോമിലെ ഇരു കോളറുകളിലെയും പതാക വ്യത്യസ്തമായാണ് കാണുന്നത്. ഒരു കോളറിലെ പതാക അപൂർണമാണ്. കൂടാതെ സൈനികന്റെ സംസാരത്തില്‍ ചുണ്ടുകളുടെ ചലനത്തിലും വി‍ഡിയോയുടെ പശ്ചാത്തലത്തിലുമെല്ലാം അസ്വഭാവികതയുണ്ട്.

ഇന്ത്യൻ ആർമിയുടെ വിവിധ യൂണിഫോം പരിശോധിച്ചപ്പോൾ സൈനികർ ഒരിക്കലും കോളറിൽ ദേശീയ പതാക ഉള്‍പ്പെടുന്ന ടാബുകള്‍ ധരിക്കാറില്ലെന്ന് കണ്ടെത്തി. പകരം റെജിമെന്റിന്റെയോ കോർപ്സിന്റെയോ ചിഹ്നങ്ങളോ ഉയർന്ന ഉദ്യോഗസ്ഥരുടെ റാങ്കുകള്‍ക്ക് അനുസൃതമായ സ്റ്റാറുകളോ ആണ് ധരിക്കാറ്. സ്ഥിരീകരണത്തിനായി നടത്തിയ കീവേർഡ് സർച്ചിലും ഇത്തരത്തിലൊരു സംഭവം നടന്നു എന്നതിനെ സാധൂകരിക്കുന്ന വിശ്വസനീയമായ റിപ്പോർട്ടുകളൊന്നും ലഭിച്ചില്ല. തുടർന്ന് എഐ ഡിറ്റക്ഷൻ ടൂളുപയോഗിച്ചുള്ള പരിശോധനയിൽ വീഡിയോ 99 ശതമാനവും എഐ നിർമ്മിത ദൃശ്യങ്ങളാണെന്ന ഫലമാണ് ലഭിച്ചത്. അതായത് ഇന്ത്യൻ സൈനികരുടെ പേരിൽ പ്രചാരിക്കുന്ന വിഡിയോ എഐ നിർമിതമാണെന്ന് വ്യക്തം.

SCROLL FOR NEXT