പ്രചരിക്കുന്ന വ്യാജ പോസ്റ്റുകൾ Source: Screengrab/ FB
FACT CHECK

ഇറാൻ ടെൽ അവീവ് വിമാനത്താവളം ആക്രമിച്ചോ? പ്രചരിക്കുന്ന വീഡിയോയുടെ സത്യമെന്ത്

വിമാനത്താവളം ആക്രമിച്ചെന്നും ഇതിൽ ഭയന്നോടുന്ന ജനങ്ങളുടെ ദൃശ്യങ്ങളാണെന്നുമാണ് പോസ്റ്റിൽ പറയുന്നത്

Author : ലിൻ്റു ഗീത

ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ നിരവധി വ്യാജ വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രതിരോധ സംവിധാനങ്ങൾ, സൈനിക ഇടപെടലുകൾ തുടങ്ങിയവയെക്കുറിച്ചുള്ള ഇത്തരം വ്യാജ വാർത്തകൾ മൂന്നാം ലോക മഹായുദ്ധം പോലുള്ള കനത്ത പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷവുമായി ബന്ധപ്പെട്ടതെന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് സമൂ​ഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇറാൻ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവ് വിമാനത്താവളം ആക്രമിച്ചെന്നും ഇതിൽ ഭയന്നോടുന്ന ജനങ്ങളുടെ ദൃശ്യങ്ങളാണെന്നുമാണ് പോസ്റ്റിൽ പറയുന്നത്. എന്താണ് ഇതിൻ്റെ വസ്തുത?

വൈറൽ വീഡിയോയുടെ കീ ഫ്രെയിമുകൾ വെച്ച് നടത്തിയ റിവേഴ്‌സ് ഇമേജ് സെർച്ചിൽ വിവിധ പേജുകളിൽ പോസ്റ്റ് ചെയ്ത സമാന ദൃശ്യങ്ങളടങ്ങിയ വീഡിയോകൾ ലഭിച്ചു. അമേരിക്കയിലെ ഒർലാൻഡോയിലുള്ള ഫ്ലോറിഡ മാളിനുള്ളിൽ വെടിവയ്പ്പെന്ന അഭ്യൂഹങ്ങളെ തുടർന്ന് ആളുകൾ ഓടിരക്ഷപ്പെടുന്ന ദൃശ്യങ്ങളാണിതെന്നാണ് മനസിലായത്. കൂടുതൽ വ്യക്തതയ്ക്കായി നടത്തിയ കീവേർഡ് പരിശോധനയിൽ കൂടുതൽ റിപ്പോർട്ടുകൾ ലഭിച്ചു.

ഈ വർഷം ഫെബ്രുവരി 16നാണ് സംഭവമുണ്ടായത്. ഒർലാൻഡോയിലുള്ള ഫ്ലോറിഡ മാളിനുള്ളിൽ നിന്ന് ഒരു വ്യക്തിയുടെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയും, അത് വെടിവെയ്പ്പാണെന്ന് കരുതി ആളുകൾ പരിഭ്രാന്തരായി ഓടുന്നു എന്നുമാണ് റിപ്പോർട്ടിലുള്ളത്. അതായത് പ്രചരിക്കുന്ന വീഡിയോ ഇസ്രയേലിലെ ടെൽ അവീവ് എയർപോർട്ടിലുണ്ടായ ആക്രമണത്തിൻ്റേതല്ല, മറിച്ച് ഫ്ലോറിഡ മാളിൽ നിന്നുള്ളൊരു പഴയ വീഡിയോയാണ്

SCROLL FOR NEXT