പ്രചരിക്കുന്ന വ്യാജ പോസ്റ്റുകൾ Source: Screengrab/ X
FACT CHECK

യുഎസ് ബോംബർ വിമാനം ഇറാൻ തകർത്തോ?

ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവ കേന്ദ്രങ്ങളിലായിരുന്നു ബങ്കർ ബസ്റ്റർ ബോംബുകളിട്ടത്

Author : ലിൻ്റു ഗീത

ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ പങ്കുചേർന്ന യുഎസ്, ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ബി-2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവ കേന്ദ്രങ്ങളിലായിരുന്നു ബങ്കർ ബസ്റ്റർ ബോംബുകളിട്ടത്. എന്നാൽ ബി2 ബോംബറുകളെ ഹൈപ്പർ സോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ഇറാൻ തകർത്തതായാണ് സമൂഹമാധ്യങ്ങളിൽ ഒരുപക്ഷത്തിന്റെ പ്രചരണം. തകർന്നുവീണ ബി2 ബോംബറിന്റേതെന്ന പേരിൽ ചിത്രങ്ങളും പ്രചരിപ്പിക്കുന്നുണ്ട്.

യഥാർഥത്തിൽ B2 ബോംബർ വിമാനം ഇറാൻ തകർത്തോ? നടത്തിയ കീവേ‍ഡ് സേർച്ചിൽ അത്തരത്തിലുള്ള വാർത്തകളൊന്നും ലഭിച്ചില്ല. മാത്രമല്ല, ഇറാനിലെ ആക്രമണത്തിനുശേഷം, മിസോറിയിലെ വൈറ്റ്മാൻ എയർഫോഴ്സ് ബേസിലേക്ക് മടങ്ങുന്ന ബി-2 ബോംബർ വിമാനത്തിന്റെ വീഡിയോ വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്താറിപ്പോർട്ടുകളും ലഭിച്ചു.

ഇതിനൊപ്പം, വർഷങ്ങൾക്കുമുമ്പ് B2 വിമാനം അപകടത്തിൽപ്പെട്ടതിന്റെ വിവരങ്ങളും ലഭിച്ചു. 2008 ഫെബ്രുവരി 25-ന് ബി-2 ബോംബർ വിമാനമായ 'സ്പിരിറ്റ് ഓഫ് കാൻസസ്' തകർന്ന് വീണെന്നാണ് നാസ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന ദൃശ്യത്തിന് ഈ അപകടവുമായും ബന്ധമില്ല.

AI ഡിറ്റക്ഷൻ ടൂൾ Sightengine

തുടർന്ന് AI ഡിറ്റക്ഷൻ പ്ലാറ്റ്‌ഫോമുകളിൽ വൈറൽ ചിത്രം പരിശോധിച്ചപ്പോൾ 99% എഐ നിർമിതമെന്നായിരുന്നു റിസൽട്ട്. വ്യാജ വാർത്തയ്ക്ക് കരുത്തേകാനുള്ള വ്യാജ ചിത്രം മാത്രമാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് വ്യക്തം.

SCROLL FOR NEXT