പ്രചരിക്കുന്ന വ്യാജ പോസ്റ്റുകൾ Source: Screengrab/ Facebook
FACT CHECK

ഹസ്തദാന വിവാദം: ഇന്ത്യയെ "തോൽവികളെന്ന്" റിക്കി പോണ്ടിങ് വിളിച്ചോ?

പോണ്ടിംഗ് അത്തരം പ്രസ്താവനകൾ നടത്തിയിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ നടത്തിയ കീവേർഡ് പരിശോധനയിൽ അത്തരത്തിലൊരു റിപ്പോർട്ടും ലഭിച്ചില്ല

Author : ലിൻ്റു ഗീത

ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരം ഒരുപാട് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. മത്സരത്തിന് ശേഷം ഇന്ത്യൻ താരങ്ങൾ പാകിസ്താൻ താരങ്ങൾക്ക് കൈകൊടുക്കാത്തതും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. പഹൽ​ഗാം ആക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ രാഷ്ട്രീയ പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാലാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഈ തീരുമാനം. എന്നാൽ ഇന്ത്യയുടെ ഈ തീരുമാനത്തിനെതിരെ ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് താരം റിക്കി പോണ്ടിങ് രം​ഗത്തെത്തിയെന്ന തരത്തിലുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വസ്തുത പരിശോധിക്കാം.

"ഇന്ത്യ ഈ ചെയ്തത് ശരിയായില്ല, മത്സരത്തിൽ തോറ്റത് പാകിസ്ഥാൻ ആണെങ്കിലും ശരിക്കും തോറ്റത് ഇന്ത്യയാണ്. ഇന്ത്യയെ ഒരു തോൽവികളായിട്ടായിരിക്കും ഈ മത്സരത്തിലൂടെ ചരിത്രം ഓർക്കുക". എന്ന് റിക്കി പോണ്ടിങ് പറഞ്ഞുവെന്നാണ് പ്രചരിക്കുന്ന പോസ്റ്റുകളിൽ പറയുന്നത്. നടത്തിയ വസ്തുത പരിശോധനയിൽ ഈ ഉദ്ധരണി പൂർണമായും കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി. പോണ്ടിംഗ് അത്തരം പ്രസ്താവനകൾ നടത്തിയിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ നടത്തിയ കീവേർഡ് പരിശോധനയിൽ അത്തരത്തിലൊരു റിപ്പോർട്ടും ലഭിച്ചില്ല.

ഇത്തരത്തിലൊരു പ്രസ്താവനയും താൻ നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി റിക്കി പോണ്ടിങും രംഗത്തെത്തിയിരുന്നു. 'എന്റെ പേരിൽ ചില കമന്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ദയവ് ചെയ്ത് മനസിലാക്കുക ഒരു തരത്തിലും ഞാൻ അത്തരത്തിൽ ഒരു പ്രസ്താവന നടത്തിയിട്ടില്ല. ഏഷ്യാ കപ്പിനെ കുറിച്ച് പോലും ഞാൻ സംസാരിച്ചിട്ടില്ലെന്നുമാണ്,' റിക്കി പോണ്ടിങ് എക്‌സിൽ കുറിച്ചത്. അതായത് പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണെന്ന് വ്യക്തം.

SCROLL FOR NEXT