തുർക്കി ടൂറിസം വകുപ്പ് ഇന്ത്യൻ സഞ്ചാരികളോട് രാജ്യത്തേക്കുള്ള യാത്രകൾ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് പുറത്തിറക്കിയ ഒരു അറിയിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. "ഇന്ത്യ-പാക് സംഘർഷങ്ങളെക്കുറിച്ച് പ്രാദേശിക ജനങ്ങളിൽ ബഹുഭൂരിപക്ഷത്തിനും അറിയില്ലെന്നും, തുർക്കിയിലേക്കുള്ള യാത്രകൾ റദ്ദാക്കരുതെന്നുമാണ്" കത്തിലുള്ളത്. തുർക്കിയുടെ പതാകയും, പൊതു അറിയിപ്പെന്ന് അർഥം വരുന്ന " കമു ദുയുരുസു " എന്നും കത്തിലുണ്ട്. ഇന്ത്യക്കാരോടുള്ള തുർക്കിയുടെ യാചന എന്ന തരത്തിലാണ് ഇത് ഷെയർ ചെയ്യപ്പെടുന്നത്. രാജീവ് ചന്ദ്രശേഖർ, പ്രിയങ്ക ചതുർവേദി എന്നീ നേതാക്കളും അറിയിപ്പ് ഷെയർ ചെയ്തിട്ടുണ്ട്. ദ ഇക്കണോമിക് ടൈംസ്, ഫിനാൻഷ്യൽ എക്സ്പ്രസ്, ബിസിനസ് ടുഡേ പോലുള്ള ചില മാധ്യമങ്ങൾ വാർത്തയും നൽകിയിട്ടുണ്ട്. എന്താണ് ഇതിൻ്റെ വസ്തുത.
ഇന്ത്യ-പാക് സംഘർഷത്തിൽ ഇന്ത്യയുടെ സൈനിക പോസ്റ്റുകളും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ ചൈനയും തുർക്കിയും നൽകിയ ആയുധങ്ങളാണ് പാകിസ്ഥാൻ ഉപയോഗിച്ചതെന്ന് ഇന്ത്യൻ സേന വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ പ്രകോപനപരമാണെന്ന് അഭിപ്രായപ്പെട്ട തുർക്കിയാകട്ടെ, സൈനിക നടപടിയെ അപലപിക്കുകയും ചെയ്തു. ഇത് രാജ്യത്ത് തുർക്കി വിരുദ്ധ വികാരം ഉടലെടുക്കാൻ കാരണമായിരുന്നു. രാജ്യത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇക്‌സിഗോ, ഈസ് മൈ ട്രിപ്പ് പോലുള്ള ട്രാവൽ ഏജൻസികൾ തുർക്കിയിലേക്കുള്ള ബുക്കിങ് താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അറിയിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
തുർക്കി സാംസ്കാരിക ടൂറിസം മന്ത്രാലയത്തിന്റെയും, സർക്കാരിന്റെയും വെബ്സൈറ്റുകളിൽ അത്തരമൊരു അറിയിപ്പ് കണ്ടെത്താനായില്ല. മാത്രമല്ല അറിയിപ്പിൽ നൽകിയിരിക്കുന്നതു പോലെ തുർക്കിയിൽ ടൂറിസം വകുപ്പ് ഇല്ല. സാംസ്കാരിക ടൂറിസം മന്ത്രാലയം ആണുള്ളത്. തുർക്കി ആസ്ഥാനമായുള്ള വസ്തുതാ പരിശോധനാ സംഘടനയും അറിയിപ്പ് വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതായത് തുർക്കി ടൂറിസം മന്ത്രാലയത്തിൻ്റേതെന്ന പേരിൽ പ്രചരിക്കുന്ന അറിയിപ്പ് വസ്തുതാ വിരുദ്ധമാണ്.