FACT CHECK

ഡാൻസ് ചെയ്യുന്ന വിനയ്‌യും ഹിമാൻഷിയും, പഹൽഗാം വീഡിയോയുടെ സത്യമെന്ത്?

കൊല്ലപ്പെടുന്നതിന് മുമ്പുള്ള സന്തോഷകരമായ നിമിഷങ്ങൾ എന്ന തലക്കെട്ടിലാണ് വീഡിയോ പ്രചരിക്കുന്നത്

Author : ലിൻ്റു ഗീത

പഹൽ​ഗാം ഭീകരാക്രമണത്തിൻ്റെ നടുക്കത്തിലാണ് ​രാജ്യം. 28 പേരുടെ ജീവനെടുത്ത ആക്രമണത്തിൻ്റെ വാർത്തകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ മൃതദേഹത്തിനരികില്‍ മരവിച്ചിരിക്കുന്ന ഭാര്യ ഹിമാന്‍ഷിയുടെ ചിത്രം ഹൃദയവേദനയോടെയാണ് പലരും പങ്കുവെക്കുന്നതും. അതിനിടെയാണ്, ഇരുവരുടേതെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കൊല്ലപ്പെടുന്നതിന് മുമ്പുള്ള സന്തോഷകരമായ നിമിഷങ്ങൾ എന്ന തലക്കെട്ടിലാണ് വീഡിയോ പ്രചരിക്കുന്നത്. എന്താണ് ഇതിൻ്റെ വസ്തുത.

പ്രചരിക്കുന്ന വീഡിയോയുടെ കമൻ്റ് നോക്കിയപ്പോൾ തന്നെ ഇത് വേറെ ദമ്പതികളാണെന്ന് മനസിലായി. യഷിക ശർമ  എന്ന ഇന്‍സ്റ്റ അക്കൗണ്ട് കമന്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട്. അക്കൗണ്ട് പരിശോധിച്ചപ്പോള്‍, പ്രചരിക്കുന്നത് തങ്ങളുടെ ദൃശ്യങ്ങളാണെന്ന് യഷികയും ഭര്‍ത്താവ് ആശിഷും വ്യക്തമാക്കുന്ന വീഡിയോയും കാണാനായി. ഏപ്രിൽ 11 നും 15 നും ഇടയിൽ കശ്മീർ യാത്രയ്ക്കിടെ ഇരുവരും എടുത്ത വീഡിയോയാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിക്കുന്നത്.

ആർഐപി എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന വീഡിയോ തങ്ങൾക്കും കുടുംബത്തിനും മാനസിക പ്രയാസമുണ്ടാക്കി എന്നും, വീഡിയോ റിപ്പോർട്ട് ചെയ്യണമെന്നും ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തിന് ഒരാഴ്ച മുമ്പുള്ളതാണ് പ്രചരിക്കുന്ന വീഡിയോ. അതേസമയം, ഏപ്രില്‍ 16 നാണ് വിവാഹിതരായ നർവാളും ഭാര്യയും കശ്മീരിലെത്തിയതാകട്ടെ, ഏപ്രിൽ 21നും. വസ്തുതകള്‍ ഇതായിരിക്കെ, തെറ്റായ രീതിയിലാണ് വീഡിയോ പ്രചരിക്കുന്നതെന്ന് വ്യക്തം.

SCROLL FOR NEXT