FACT CHECK

ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തു നിന്ന് ഗൗതം ഗംഭീർ ഒഴിഞ്ഞോ?

തുടർച്ചയായ വിമർശനങ്ങൾ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചുവെന്ന് ഗംഭീർ പറയുന്നതായാണ് കുറിപ്പിലുള്ളത്

Author : ലിൻ്റു ഗീത

2024 ജൂലൈയിലാണ് ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ കോച്ചായി ചുമതലയേറ്റത്. ഒരു വർഷത്തിനിപ്പുറം സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും ഞെട്ടിക്കുന്ന തോൽവികളാണ് ഇന്ത്യ വഴങ്ങിയത്. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയൻ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ടീമിൻ്റെ തുടരൻ തോൽവികൾക്ക് പിന്നാലെ കോച്ച് ഗംഭീറിന് രൂക്ഷ വിമർശനമാണ് നേരിടേണ്ടി വരുന്നത്. കോച്ചിനെ പഴിച്ചുകൊണ്ടുള്ള പോസ്റ്റുകളും കമൻ്റുകളുമാണ് സോഷ്യൽ മീഡിയയിലാകെ.

ഇതിനുപിന്നാലെ "പരിശീലക സ്ഥാനം രാജിവയ്ക്കുകയാണെന്നും.. ക്രിക്കറ്റിനോട് വിടപറയുകയാണെന്നും," ​ഗംഭീർ പ്രഖ്യാപിച്ചുവെന്ന തരത്തിലുള്ള ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുന്നുണ്ട്. തുടർച്ചയായ വിമർശനങ്ങൾ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചുവെന്ന് ഗംഭീർ പറയുന്നതായാണ് കുറിപ്പിലുള്ളത്. എന്താണ് ഇതിൻ്റെ വസ്തുത?

"നിരന്തരമായ വിമർശനങ്ങളും ട്രോളുകളും അസഹനീയമായിരിക്കുന്നു. ഈ ഗെയിമിനായി ഞാൻ എല്ലാം നൽകി.. ഞാൻ തല ഉയർത്തിപ്പിടിച്ച് പോകുന്നു. ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാവിക്ക് എല്ലാ ആശംസകളും നേരുന്നു. ടീം തുടർച്ചയായി വിജയം കണ്ടെത്തട്ടെ. ഓർമകൾക്ക് നന്ദി," എന്നാണ് പോസ്റ്റിലുള്ളത്...

ഗംഭീർ രാജിവയ്ക്കുകയോ ഇത്തരത്തിൽ ഒരു പോസ്റ്റ് പങ്കുവയ്ക്കുകയോ ചെയ്തിരുന്നെങ്കിൽ അത് വലിയ വാർത്തയായേനെ. എന്നാൽ അത്തരത്തിലൊരു റിപ്പോർട്ടും കണ്ടെത്താനായില്ല. ഗംഭീറിന്റെ ഔദ്യോഗിക സമൂഹമാധ്യമങ്ങൾ പരിശോധിച്ചപ്പോഴും പ്രചരിക്കുന്നതു പോലൊരു പോസ്റ്റ് അദ്ദേഹം പങ്കുവച്ചതായി കണ്ടെത്താനായില്ല. ബിസിസിഐയുടെ വെബ്സൈറ്റിലും അത്തരത്തിലുള്ള വിവരമില്ല. മാത്രമല്ല കോച്ച് ഗംഭീറില്‍ വിശ്വാസം അര്‍പ്പിക്കുന്നത് തുടരുമെന്ന് ബിസിസിഐ ഉദ്ധരിച്ച് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വിശദമായ പരിശോധനയിൽ @imRavY_എന്ന അക്കൗണ്ടിൽ നിന്നാണ് ഈ വൈറൽ സന്ദേശം പങ്കുവയ്ക്കപ്പെട്ടതെന്ന് കണ്ടെത്തി. അക്കൗണ്ട് മീം/ഫാൻ പേജ് ആണെന്നാണ് അതിൻ്റെ ബയോയിൽ പറഞ്ഞിരിക്കുന്നത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗൗതം ഗംഭീർ പരിശീലക സ്ഥാനത്തുനിന്ന് രാജിവച്ചെന്ന പേരിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് വ്യക്തം.

SCROLL FOR NEXT