FACT CHECK

മുതിർന്ന പൗരന്മാർക്കുള്ള യാത്രാ ഇളവുകൾ ഇന്ത്യൻ റെയിൽവേ പുനഃസ്ഥാപിച്ചോ?

കോവിഡ് 19ന് മുൻപ് ഇന്ത്യൻ റെയിൽവേ മുതിർന്ന പൗരന്മാർക്ക് ഇളവുകൾ നൽകിയിരുന്നു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഇന്ത്യൻ റെയിൽവേ മുതിർന്ന പൗരന്മാർക്കുള്ള യാത്രാ ഇളവുകൾ പുനഃസ്ഥാപിച്ചുവെന്ന പോസ്റ്റുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ചികിത്സയ്ക്കും തീർഥാടനത്തിനുമായി യാത്ര ചെയ്യുന്ന 60 വയസിനു മുകളിലുള്ള പുരുഷന്മാർക്കും 58 വയസിനു മുകളിലുള്ള സ്ത്രീകൾക്കുമാണ് യാത്ര ഇളവുകൾ അനുവദിച്ചിരിക്കുന്നതെന്നാണ് പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് കൃത്യമായി വയസു നൽകണമെന്നും യാത്രാ സമയത്ത് കൃത്യമായ രേഖ കൈവശം വേണമെന്നും പോസ്റ്റിൽ നിർദേശിക്കുന്നുണ്ട്. ലോവർ ബെർത്ത് തിരഞ്ഞെടുക്കാനും സാധിക്കുമെന്നും ഇതിൽ പറയുന്നു.

‘കേന്ദ്ര സർക്കാർ മുതിർന്ന പൗരന്മാർക്ക് ട്രെയിൻ യാത്രാ ഇളവുകൾ പ്രഖ്യാപിച്ചു. 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള പുരുഷ മുതിർന്ന പൗരന്മാർക്ക് ഇളവ്. 58 വയസോ അതിൽ കൂടുതലോ പ്രായമുള്ള സ്ത്രീ മുതിർന്ന പൗരന്മാർക്ക് ഇളവ് പ്രായം. പുരുഷന്മാർക്ക് ട്രെയിൻ യാത്രാ നിരക്കിൽ 40% കിഴിവ്. സ്ത്രീകൾക്ക് ട്രെയിൻ നിരക്കിൽ 50% കിഴിവ്.’ ഇങ്ങനെയാണ് പ്രചരിക്കുന്ന പോസ്റ്റുകളിൽ പറയുന്നത്. എന്താകും ഇതിൻ്റെ വസ്തുത.

കോവിഡ് 19ന് മുൻപ് ഇന്ത്യൻ റെയിൽവേ മുതിർന്ന പൗരന്മാർക്ക് ഇളവുകൾ നൽകിയിരുന്നു. എന്നാൽ, 2020 മാർച്ചിൽ കോവിഡ് 19ന്റെ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ട്, ട്രെയിനുകളിൽ മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ കേന്ദ്ര സർക്കാർ എടുത്തുമാറ്റുകയായിരുന്നു. ഈ ആനുകൂല്യം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ജനങ്ങളും ജനപ്രതിനിധികളും നിര‍വധി തവണ ഉയർത്തിയിരുന്നെങ്കിലും ഇതുവരെയും ഫലമുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇളവുകൾ പുനഃസ്ഥാപിച്ചാൽ അതി വലിയ വാർത്തയാകും. പരിശോധനയിൽ അത്തരം വാർത്തകളൊന്നും ലഭ്യമായിട്ടില്ല.

ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇത് സംബന്ധിച്ചുള്ള അറിയിപ്പുകൾ ഉണ്ടോയെന്ന് പരിശോധിച്ചു. പോസ്റ്റിൽ പറയുന്ന തരത്തിലുള്ള ഒരു അറിയിപ്പും കണ്ടെത്താനായില്ല. വിദ്യാർഥികൾക്കും, പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഭാഗത്തിൽപ്പെടുന്ന ഭിന്നശേഷിക്കാർക്കും, രോഗികൾക്കുമാണ് നിലവിൽ ട്രെയിൻ ടിക്കറ്റ് നിരക്കിൽ ഇളവുകൾ ഉള്ളത്. ഇതോടൊപ്പം മുതിർന്ന പൗരന്മാർക്കും 45 വയസിന് മുകളിൽ പ്രായമുള്ള വനിതാ യാത്രക്കാർക്കും ഗർഭിണികൾക്കു ലോവർ ബെർത്തിൽ മുൻഗണനയുണ്ടെന്നുള്ള അറിയിപ്പും ലഭിച്ചു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുൻപ് മുതിർന്ന പൗരന്മാർക്കുണ്ടായിരുന്ന ഇളവുകൾ റെയിൽവേ പുനസ്ഥാപിച്ചെന്ന പ്രചാരണം വ്യാജമാണെന്ന് വ്യക്തം.

SCROLL FOR NEXT