കരൂരില്‍ നടന്‍ വിജയ് സംഘടിപ്പിച്ച രാഷ്ട്രീയ പരിപാടിയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. സംഘാടനത്തിലെ പാളിച്ച ചൂണ്ടിക്കാട്ടി ടിവികെ പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇതിനിടെ തമിഴ്‌നാട്ടില്‍ ജനങ്ങള്‍ ടിവികെയുടെ കൊടിമരം ജെസിബി ഉപയോഗിച്ച് പൊളിക്കുന്നുവെന്ന അവകാശ വാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. എന്താണ് ഇതിൻ്റെ വസ്തുത.
"തമിഴ്‌നാട്ടുകാര്‍ പണിതുടങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാതെ നേതാവ് ചമഞ്ഞു നടക്കുന്ന ഒരുത്തനും ഈ മണ്ണില്‍ വേണ്ട. ഓപ്പറേഷന്‍ പൊളിച്ചടക്കല്‍." എന്നാണ് പോസ്റ്റിൽ എഴുതിയിരിക്കുന്നത്. പ്രചരിക്കുന്ന വീഡിയോയിലെ കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 2025 ജൂണില്‍ പ്രസിദ്ധീകരിച്ച വീഡിയോയും ചിത്രങ്ങളും ലഭിച്ചു. വിശദമായ പരിശോധനയിൽ എബിപി ലൈവ് തമിഴ് ചാനലിന്റെ യൂട്യൂബ് പേജിലും ഫേസ്ബുക്ക് പേജിലും പങ്കുവച്ച വീഡിയോ ലഭിച്ചു. പൊതുസ്ഥലങ്ങളിലെ പാര്‍ട്ടി കൊടിമരങ്ങള്‍ നീക്കാനുള്ള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാരാണ് നടപടിയെടുത്തതെന്ന് ഈ പോസ്റ്റിന്റെ പ്രതികരണങ്ങളില്‍ സൂചനയുണ്ട്.
തുടര്‍ന്ന് നടത്തിയ കീവേഡ് പരിശോധനയിൽ 2025 മാര്‍ച്ച് ആറിന് പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പാര്‍ട്ടി കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളതായി വാര്‍ത്തകള്‍ ലഭ്യമായി. പിന്നാലെ തമിഴ്‌നാട് സര്‍ക്കാര്‍ പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പാര്‍ട്ടി കൊടിമരങ്ങള്‍ നീക്കം ചെയ്തു തുടങ്ങിയതായുള്ള വാര്‍ത്തകളും കണ്ടെത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരങ്ങള്‍ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യുന്ന ദൃശ്യം സത്യം ന്യൂസ് ഏപ്രില്‍ 26ന് പങ്കുവച്ചിരുന്നു. ജൂലൈയില്‍ ഈ വിധി താത്ക്കാലികമായി മരവിപ്പിച്ചതായുള്ള റിപ്പോർട്ടുകളും കണ്ടെത്താൻ കഴിഞ്ഞു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വീഡിയോ 2025 ജൂണ്‍ മുതല്‍ പ്രചാരത്തിലുള്ളതാണെന്ന് വ്യക്തമായി. കരൂര്‍ ദുരന്തവുമായി ഇതിന് ബന്ധമില്ലെന്ന് വ്യക്തം.