കടലിൽനിന്ന് കണ്ടെടുത്ത ശ്രീരാമന്റെ വില്ല് ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്ന പുതിയൊരു വീഡിയോ. ഭീമാകാരമായ ഒരു വില്ല് കടലിൽ നിന്ന് ഉയർത്തുന്നതും, അതൊരു കപ്പലിലേയ്ക്ക് മാറ്റുന്നതും, പൊലീസുകാർ വില്ല് പരിശോധിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ചരിത്രവസ്തുതകളിൽ അസ്വഭാവികത തോന്നുമ്പോഴും, ദൃശ്യമികവാണ് വീഡിയോയ്ക്ക് വളരെ പ്രചാരം ലഭിക്കാൻ കാരണം. എന്താണ് ഇതിന്റെ യാഥാർഥ്യം?
വൈറൽ വീഡിയോയുടെ സ്ക്രീൻഷോട്ട് ഉപയോഗിച്ചാണ് ആദ്യം പരിശോധിച്ചത്. റിവേഴ്‌സ് ഇമേജ് സേർച്ചിൽ സമാന അവകാശവാദങ്ങളോടെയുള്ള നിരവധി പോസ്റ്റുകൾ ലഭിച്ചു. ഇതിൽ Hindu Sanatan Vibes എന്ന യൂ ട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോ നാല് ആഴ്ച കൊണ്ട് കണ്ടത് 50M ആളുകളാണ്. 2025 മെയ് 30-നാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ, വീഡിയോയ്ക്കൊപ്പം ചേർത്തിരിക്കുന്ന അടിക്കുറിപ്പിൽ ദൃശ്യങ്ങൾ AI ജനറേറ്റഡാണെന്നും യഥാർത്ഥ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. mrmahadevshorts1 എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലും AI ജനറേറ്റഡാണെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി എഐ നിർമിത വിഡിയോകളും പേജിലുണ്ട്.
ഈ പ്ലാറ്റ്ഫോമുകളിൽനിന്നുള്ള വീഡിയോയാകാം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ ഷെയർ ചെയ്തപ്പോൾ, എഐ നിർമിത വീഡിയോ ആണെന്ന അടിക്കുറിപ്പ് പലരും വിട്ടുകളഞ്ഞു. ഇതോടെ, നടന്ന സംഭവമാണെന്നും യഥാർഥമാണെന്നുമൊക്കെയുള്ള അവകാശവാദങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പലരും വീഡിയോ പ്രചരിപ്പിക്കുന്നത്.