FACT CHECK

മുസ്ലീങ്ങളുടെ സംശയാസ്പദമായ പ്രവർത്തനങ്ങൾ അറിയിക്കാൻ എൻഐഎ ഹെൽപ്പ്ലൈൻ നമ്പർ?

എൻ‌ഐ‌എയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശേധിച്ചപ്പോൾ വൈറൽ പോസ്റ്റിൽ പരാമർശിച്ചിരിക്കുന്ന നമ്പറുകൾ കാണാൻ കഴിഞ്ഞു

Author : ലിൻ്റു ഗീത

മുസ്ലീങ്ങൾക്കെതിരായി എൻഐഎയുടെ പേരിലുള്ള ഒരു പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. ലവ് ജിഹാദ്, തീവ്രവാദ ഗൂഢാലോചനകൾ, പള്ളി നിർമാണം, സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവയുൾപ്പെടെ മുസ്ലീങ്ങളുടെ സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് എൻഐഎ പറഞ്ഞുവെന്നാണ് പോസ്റ്റിൽ പറയുന്നത്. ഇതിനായി ഫോൺ നമ്പറുകൾ ഏജൻസി നൽകിയിട്ടുണ്ടെന്നും വൈറൽ പോസ്റ്റിൽ അവകാശപ്പെടുന്നു.

നടത്തിയ ​ഗൂ​ഗിൾ സെർച്ചിൽ വൈറൽ പോസ്റ്റിലെ വാദങ്ങളെ പിന്തുണയ്ക്കുന്ന വിശ്വസനീയമായ വാർത്താ റിപ്പോർട്ടുകളോ, സർക്കാർ അറിയിപ്പുകളോ, ഔദ്യോഗിക പ്രസ്താവനകളോ ഒന്നും ലഭിച്ചില്ല. തുടർന്ന് എൻ‌ഐ‌എയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശേധിച്ചപ്പോൾ വൈറൽ പോസ്റ്റിൽ പരാമർശിച്ചിരിക്കുന്ന നമ്പറുകൾ കാണാൻ കഴിഞ്ഞു. ഏജൻസിയുടെ ഡൽഹി ആസ്ഥാനത്തെ കൺട്രോൾ റൂമിന്റേതാണെന്ന് നമ്പറുകൾ. എന്നാൽ അവ പോസ്റ്റിൽ പറയുന്ന ഉദ്ദേശ്യത്തിനായി നൽകിയതല്ല. അതേസമയം പഹൽ​ഗാം ആക്രമണത്തെ തുടർന്നുള്ള വിവരശേഖരണത്തിനായി 2025 മെയ് 7ൽ ഇതേ നമ്പറുകൾ ഉപയോഗിച്ചതായും കണ്ടെത്തി. എന്നാൽ ഇതിലും മുസ്ലീങ്ങളെക്കുറിച്ചോ മറ്റുമുള്ള പരാമർശമില്ല.

കീവേർഡ് പരിശോധനയിൽ സമാനമായ മറ്റൊരു സന്ദേശം തെറ്റാണ് എന്ന് വ്യക്തമാക്കി 2023 ജൂൺ 23നുള്ള പിബിഐയുടെ പോസ്റ്റും 2022 ജൂലൈ 7നുള്ള എൻ‌ഐ‌എയുടെ പ്രസ്താവനയും ലഭിച്ചു. നമ്പറുകൾ എൻഐഎയുടേതാണെന്നും എന്നാൽ മുസ്ലീങ്ങളെക്കുറിച്ചോ മറ്റോ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടുള്ളതല്ല ഇതെന്നുമാണ് ഇരുവരും വ്യക്തമാക്കുന്നത്. അത്തരത്തിലുള്ള ഒരു ഹെൽപ്പ്‌ലൈൻ ആരംഭിച്ചിട്ടില്ലെന്ന് എൻ‌ഐ‌എ അറിയിച്ചു.

ഐഎസ്ഐഎസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംശയാസ്പദമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനായി 2021ൽ 011-24368800 എന്ന നൽകിയിരുന്നുന്നെന്നും എന്നാൽ മുസ്ലീങ്ങളെക്കുറിച്ച് പരാമർശമുണ്ടായില്ലെന്നും എൻ‌ഐ‌എ വ്യക്തമാക്കുന്നുണ്ട്. അതായത് വൈറൽ പോസ്റ്റിലെ വാദങ്ങൾ വ്യാജവും ദുരുദ്ദേശ്യപരവുമാണെന്ന് വ്യക്തം.

SCROLL FOR NEXT