പ്രചരിക്കുന്ന വ്യാജ പോസ്റ്റുകൾ Source: Screengrab/ X , Whatsapp
FACT CHECK

റിസർവ് ബാങ്ക് 500 രൂപ നിർത്തലാക്കുമോ! വാസ്തവമെന്ത്?

ആർ‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ചപ്പോഴും എടിഎമ്മുകൾ വഴി 500 രൂപ വിതരണം ചെയ്യുന്നത് നിർത്തലാക്കുമെന്നുള്ള ഒരറിയിപ്പും ലഭിച്ചില്ല

Author : ലിൻ്റു ഗീത

500 രൂപ നോട്ടുകൾ നിരോധിക്കണമെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആവശ്യത്തെത്തുടർന്ന് എടിഎമ്മുകൾ വഴി 500 രൂപ വിതരണം ചെയ്യുന്നത് നിർത്തലാക്കുമെന്ന് ആർബിഐ അറിയിച്ചുവെന്ന തരത്തിലുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. സെപ്റ്റംബറോടെ എടിഎമ്മുകളിൽ നിന്നും 500 രൂപ നോട്ടുകൾ ഒഴിവാക്കി 100, 200 രൂപ നോട്ടുകൾ മാത്രം വിതരണം ചെയ്യുമെന്നാണ് പ്രചരിക്കുന്ന പോസ്റ്റുകളിൽ പറയുന്നത്. എന്താണ് ഇതിൻ്റെ വസ്തുത.

ആർ‌ബി‌ഐ ഇത്തരത്തിലൊരു നിർദേശം നൽകിയിരുന്നെങ്കിൽ അത് വലിയ വാർത്തയായേനെ എന്നാൽ അത്തരത്തിലൊരു വാർത്തകളും കണ്ടെത്താനായില്ല. തുടർന്ന് ആർ‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ചപ്പോഴും എടിഎമ്മുകൾ വഴി 500 രൂപ വിതരണം ചെയ്യുന്നത് നിർത്തലാക്കുമെന്നുള്ള ഒരറിയിപ്പും ലഭിച്ചില്ല. അതേസമയം, 2025 ഏപ്രിൽ 28-ന് ആർബിഐ പുറപ്പെടുവിച്ച ഒരു സർക്കുലർ ലഭിച്ചു.

2025 സെപ്റ്റംബർ 30-ഓടെ രാജ്യത്തെ 75% എടിഎമ്മുകൾ വഴി 100, 200 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും,‌ 2026 മാർച്ച് 31-ഓടെ, 90% എടിഎമ്മുകളിലും ഇത് നടപ്പാക്കണം എന്നുമാണ് സർക്കുലറിൽ പറയുന്നത്. ബിസിനസ് സ്റ്റാൻഡേർഡ്, ഫിനാൻഷ്യൽ എക്സ്പ്രസ്, അടക്കമുള്ള ദേശീയ മാധ്യമങ്ങളെല്ലാം ​ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എടിഎമ്മുകളിൽ 100, 200 രൂപ നോട്ടുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബാങ്കുകളോട് ആർബിഐ ആവശ്യപ്പെട്ടു എന്നാണ് വാർത്തകളിലെല്ലാം പറയുന്നത്.

പരിശോധനയിൽ, എടിഎമ്മുകൾ വഴി 500 രൂപ വിതരണം ചെയ്യരുതെന്ന നിർദേശം ആർബിഐ ബാങ്കുകൾക്ക് നൽകിയിട്ടില്ലെന്ന് കണ്ടെത്തി. 500 രൂപ നോട്ടുകൾ നിരോധിക്കുമെന്ന പ്രചരണം തെറ്റാണെന്ന് പി‌ഐ‌ബി ഫാക്റ്റ് ചെക്കും വ്യക്തമാക്കിയിട്ടുണ്ട്.

SCROLL FOR NEXT