ഡൽഹിയിലെ ഒരു ലൈബ്രറി കത്തിയമരുന്നതിൻ്റേതെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ജൂൺ 14ന് ഡൽഹിയിലെ ഒരു ലൈബ്രറിയിൽ ഉണ്ടായ തീപിടുത്തമാണ് ഇതെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഈ ബഹുനില കെട്ടിടം കത്തിയമരുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ ഇതിൻ്റെ വസ്തുതയെന്താണെന്ന് പരിശോധിക്കാം...
ഡൽഹിയിൽ ലൈബ്രറിയിൽ ഉണ്ടായ തീപിടിത്തമെന്ന പേരിൽ, ഒരു ബഹുനില കെട്ടിടം തീപിടിക്കുന്നതിൻ്റെ വീഡിയോ ‘official_rajkumar_ji_78’ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ജൂൺ 14ന് പങ്കുവെച്ചത്. ജൂൺ 14നാണ് സംഭവം നടന്നതെന്നും ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് ഈ അപകടം ഇടയാക്കിയെന്നും അവകാശപ്പെട്ടുകൊണ്ടായിരുന്നു ഇയാളുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
വൈറൽ ക്ലിപ്പിൽ നിന്നുള്ള കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്‌തപ്പോൾ, 2025 ജനുവരിയിൽ നിന്നുള്ള ഒരു വീഡിയോ ലഭിച്ചു. 2025 ജനുവരിയിൽ തുർക്കിയിലെ അന്റാലിയയിൽ നിർമാണത്തിലിരിക്കുന്ന ഒരു ഹോട്ടലിൽ ഉണ്ടായ തീപിടുത്തമാണ് ദൃശ്യങ്ങളിൽ കാണാനാവുക. ഡൽഹിയിലെ ഒരു തീപിടുത്തത്തിന്റെ ദൃശ്യങ്ങൾ എന്ന നിലയിൽ പഴയതും ബന്ധമില്ലാത്തതുമായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതെന്നും കണ്ടെത്തി. വീഡിയോയ്ക്ക് ഇന്ത്യയിലെ ഒരു സംഭവവുമായും ബന്ധമില്ലെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (പിടിഐ) ഫാക്ട് ചെക്ക് ഡെസ്ക് നടത്തിയ അന്വേഷണത്തിലും കണ്ടെത്തി.
ഡൽഹിയിലെ ലൈബ്രറിയിൽ ഇത്തരത്തിൽ എന്തെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടോ എന്നതിൻ്റെ സ്ഥിരീകരണത്തിനായി കീവേർഡ് പരിശോധനയും നടത്തി. 2025 മെയ് മാസത്തിൽ പിതാംപുരയിലെ ഗുരു ഗോബിന്ദ് സിംഗ് കോളേജ് ഓഫ് കൊമേഴ്‌സ് ലൈബ്രറിയിൽ ഉണ്ടായ തീപിടുത്തം ഉൾപ്പെടുന്ന ഇന്ത്യാ ടുഡേയുടെ ഒരു വീഡിയോ വാർത്താ റിപ്പോർട്ടാണ് പരിശോധനയിൽ ലഭിച്ചത്. എന്നാൽ, ആ റിപ്പോർട്ടിലെ ദൃശ്യങ്ങൾ വിശകലനം ചെയ്ത് വൈറൽ വീഡിയോയുമായി താരതമ്യം ചെയ്തപ്പോൾ, അവ തികച്ചും വ്യത്യസ്തമാണെന്ന് കണ്ടെത്തി.