FACT CHECK

റോഡരികിൽ തീ​ഗോളമായി കാർ! ചിത്രങ്ങൾ ഡൽഹി സ്ഫോടനത്തിൻ്റേതോ?

ഡൽഹിയിൽ ഓടുന്ന കാറിന് തീപിടിച്ച് അപകടം എന്നാണ് ഇതിൻ്റെ തലക്കെട്ട്

Author : ലിൻ്റു ഗീത

രാജ്യത്തെ ഒട്ടാകെ നടുക്കിയ സ്ഫോടനമായിരുന്നു നവംബർ 10ന് ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത്. മെട്രോ സ്റ്റേഷന് സമീപമുള്ള ട്രാഫിക് സിഗ്‌നലിൽ വച്ച് ഐ 20 കാർ ഉപയോഗിച്ച് നടത്തിയ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. നിരവധി പേർ ചികിത്സയിലാണ്, ഡൽഹിയിലേത് ചാവേർ സ്ഫോടനം ആണെന്ന് സ്ഥിരീകരിച്ചതോടെ അന്വേഷണം എൻ​ഐഎ ഏറ്റെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ സ്ഫോടനത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു കാർ കത്തുന്ന ചിത്രമാണ് പ്രചരിക്കുന്നത്. എന്താകും ഇതിൻ്റെ വസതുത.

പ്രചരിക്കുന്ന ചിത്രങ്ങൾ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ എപ്രിൽ 3ന് പ്രസിദ്ധീകരിച്ച സമാനമായ ചിത്രം ഉൾപ്പെട്ട ഒരു റിപ്പോർട്ട് ലഭിച്ചു. ഡൽഹിയിൽ ഓടുന്ന കാറിന് തീപിടിച്ച് അപകടം എന്നാണ് ഇതിൻ്റെ തലക്കെട്ട്. ഡൽഹിയിലെ അംബേദ്കർ നഗറിൽ ഏപ്രിൽ 2നാണ് അപകടം നടന്നത്. കാർ ഖാൻപൂർ-ചിരാഗ് ഡൽഹി റോഡിലെത്തിയപ്പോഴാണ് കാറിന് തീപടർന്നത് എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

സ്ഥിരീകരണത്തിനായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാത്തിൽ നടത്തിയ കീവേർഡ് പരിശോധനയിൽ എൻഡിടിവി ഇന്ത്യ, ന്യൂസ് ഹെഡ്ക്വാർട്ടർ, ഇടിവി ഭാരത് തുടങ്ങിയ മാധ്യമങ്ങളിൽ നൽകിയ വാർത്തകൾ ലഭിച്ചു. ഇതിൽ എൻഡിടിവി ഇന്ത്യ യൂട്യൂബ് ചാനലിൽ പങ്കുവച്ച വാർത്തയിൽ അപകടത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും നൽകിയിട്ടുണ്ട്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചിത്രങ്ങൾ ഏപ്രിൽ 3ന് അംബേദ്കർ നഗറിൽ തീപിടിച്ച ഒരു കാറിന്റേതാണെന്ന് വ്യക്തമായി. ഡൽഹി കാർ സ്ഫോടനവുമായി ഇതിന് ഒരു ബന്ധവുമില്ല.

SCROLL FOR NEXT