നേപ്പാളിലെ ജനങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചുവെന്ന് അവകാശപ്പെടുന്ന പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 'നരേന്ദ്ര മോദി സിന്ദാബാദ്' എന്ന് മുദ്രാവാക്യം വിളിക്കുന്ന ഒരു കൂട്ടം ആളുകളുടെ വീഡിയോയും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്. എന്താണ് ഇതിൻ്റെ വസ്തുത.
സമൂഹമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ഈ മാസം തുടക്കത്തിൽ നേപ്പാളിൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. അഴിമതി, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെ കൂടിയായിരുന്ന ജെൻ-സി പ്രതിഷേധം നേപ്പാൾ സർക്കാരിനെ താഴെയിറക്കുകയും ചെയ്തിരുന്നു. നിലവിൽ മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് നേപ്പാളിലുള്ളത്. ഈ സാഹചര്യത്തിലാണ് മോദിയെ പിന്തുണയ്ക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ പ്രചരിക്കുന്നത്. നേപ്പാളിൽ മോദിജി സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങൾ എങ്ങനെയാണ് ഉയരുന്നതെന്ന് നോക്കൂ, എന്ന ഹിന്ദി അടിക്കുറിപ്പോടെ നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
വീഡിയോയിൽ നിന്നുള്ള കീഫ്രെയിമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്‌സ് ഇമേജ് സെർച്ചിൽ 2025 ജൂലൈ 25 ന് ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ലഭിച്ചു. പ്രധാനമന്ത്രി മോദിയുടെ മാലിദ്വീപ് സന്ദർശനത്തെപ്പറ്റിയാണ് റിപ്പോർട്ടിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാലിയിൽ ഉജ്ജ്വലമായ സ്വീകരണം ലഭിച്ചുവെന്നും നരേന്ദ്ര മോദി സിന്ദാബാദ് എന്നടക്കമുള്ള മുദ്രാവാക്യങ്ങൾ അദ്ദേഹത്തിൻ്റെ സന്ദർശന വേളയിൽ ഉയർന്നുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. NEWS ON AIR OFFICIAL ന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ നിന്ന് ഇതിൻ്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. അതായത് പ്രചരിക്കുന്ന ദൃശ്യങ്ങൾ നേപ്പാളിൽ നിന്നുള്ളതല്ല, ജൂലൈയിൽ മോദി മാലിദ്വീപ് സന്ദർശിച്ചപ്പോൾ എടുത്ത വീഡിയോയാണെന്ന് തെറ്റായി പ്രചരിക്കുന്നത്.