സത്യം ചെരിപ്പിട്ടു വരുമ്പോൾ നുണ ലോകം ചുറ്റിക്കഴിഞ്ഞിരിക്കും എന്ന് പറഞ്ഞത് പോലെയാണ് ഡിജിറ്റൽ ലോകം. വസ്തുതകളേക്കാൾ വേഗത്തിലാണ് ഇന്ന് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത്. മുന്നിലുള്ള വാർത്തകൾ തെറ്റാണോ ശരിയാണോ എന്ന് മനസിലാക്കാൻ പലപ്പോഴും നമുക്ക് കഴിയാറില്ല. ചില വാർത്തകൾ വ്യാജമാണെന്ന് സംശയിക്കുമ്പോൾ പോലും ഇത്രയധികം ആളുകൾ അവ വിശ്വസിക്കുന്നത് എന്തുകൊണ്ടാണെന്ന് പലപ്പോഴും തോന്നാറില്ലേ? എന്താകും അത്?
വൈകാരികമോ ഇൻഫർമേറ്റീവോ ഉപയോഗപ്രദമോ ആണെന്ന് തോന്നുന്നതിനാലാണ് ആളുകൾ വ്യാജ വാർത്തകൾ വിശ്വസിക്കുന്നതും പങ്കിടുകയും ചെയ്യുന്നതെന്നാണ് ജോർജിയ സ്റ്റേറ്റ് റോബിൻസൺ കോളേജ് ഓഫ് ബിസിനസിലെ ക്ലിനിക്കൽ അസിസ്റ്റന്റ് പ്രൊഫസറായ അമൃത ജോർജ് പറയുന്നത്. കൂടാതെ കൃത്യതയ്ക്ക് പകരം വൈകാരിക കാര്യങ്ങളെയാണ് സോഷ്യൽ മീഡിയകളിൽ വാർത്തകൾ ഷെയർ ചെയ്യുന്നതിനായി ഉപയോഗിക്കുന്നതെന്നും ഇവർ പറയുന്നു. കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ നമുക്ക് മുന്നിലെത്തുന്ന വ്യാജ വാർത്തകളെ എങ്ങനെ തിരിച്ചറിയാം?
നിരവധി തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളുമാണ് ദിവസേന പ്രചരിക്കുന്നത്. എന്നാൽ ഇതിൽ നിന്ന് സത്യം കണ്ടെത്തുക എന്നത് ഈ ഡിജിറ്റൽ യുഗത്തിൽ അത്ര ബുദ്ധിമുട്ടുള്ള കാര്യവമല്ല. നിങ്ങളുടെ മുന്നിലെത്തുന്ന വാർത്തയുടെ ഉറവിടം പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. ഇതിനായി വാർത്ത വന്ന വെബ്സൈറ്റ് സോഷ്യൽ മീഡിയ പേജ് എന്നിവ പരിശോധിക്കാം. വെബ്സൈറ്റിൻ്റെ 'എബൗട്ട് അസ്' വിഭാഗം പരിശോധിക്കുന്നതും നന്നാകും.
മറ്റൊന്ന് വാർത്തകളുടെ തലക്കെട്ടുകൾ മാത്രം വിശ്വസിക്കരുത് എന്നാണ്. പലപ്പോഴും ആളുകളെ ആകർഷിക്കാനായി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള 'ക്ലിക്ക്ബൈറ്റ്' തലക്കെട്ടുകളാണ് വ്യാജവാർത്തകൾക്ക് നൽകുക. വാർത്ത പൂർണമായും വായിച്ചു നോക്കിയാൽ പലപ്പോഴും തലക്കെട്ടുമായി ബന്ധമുണ്ടാകില്ല. പഴയ വാർത്തകൾ പുതിയതെന്ന രീതിയിൽ വീണ്ടും പ്രചരിപ്പിക്കാറുണ്ട്. അതിനാൽ വാർത്ത നടന്ന തീയതിയും സമയവും കൃത്യമാണോ എന്ന് പരിശോധിക്കുകയും വേണം.
വാർത്തയുടെ ആധികാരികത പരിശോധിക്കുവാനായി മറ്റ് മാധ്യമങ്ങളുമായി ഒത്തുനോക്കുക എന്നതും പ്രധാനമാണ്. ഒരു പ്രധാനപ്പെട്ട വാർത്തയാണെങ്കിൽ അത് എല്ലാ മുൻനിര മാധ്യമങ്ങളിലും വന്നിട്ടുണ്ടാകും. ഒന്നിലധികം വിശ്വസനീയമായ ഉറവിടങ്ങളിൽ ആ വാർത്തയുണ്ടോ എന്നും പരിശോധിക്കുന്നത് നല്ലത്. ഇതിനായി ആ വാർത്തയുടെ തലക്കെട്ട് ഗൂഗിൾ സെർച്ച് ചെയ്താൽ മതി. കീവേർഡ് സെർച്ച് ചെയ്യുന്നതും നന്നാകും. കൂടാതെ ഫാക്ട് ചെക്ക് വെബ്‌സൈറ്റുകളും ഉപയോഗിക്കാം. വസ്തുതാ പരിശോധനയ്ക്കായി ഗൂഗിളിൻ്റെ ഫാക്റ്റ് ചെക്കറും ഉപയോഗിക്കാം. ഇതിനായി ഗൂഗിളിൻ്റെ "ഫാക്ട് ചെക്ക് എക്സ്പ്ലോറർ" പോലുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.
ആരോഗ്യ പരിപാലനം, സയൻസ്, ടെക്നോളജി, പൊതുസേവനങ്ങൾ എന്നിവയെപ്പറ്റിയും ഇത്തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കാറുണ്ട്. ഇത്തരത്തിലുള്ള വിവരങ്ങളുടെ ആധികാരികത പരിശോധിക്കാനും മുന്നേ പറഞ്ഞ കാര്യങ്ങൾ ഉപയോഗിക്കാം. വിവരങ്ങളുടെ ഉറവിടം അഥവാ പബ്ലിഷ് ചെയ്ത പ്ലാറ്റ്ഫോം, അത്തരത്തിലുള്ള വിവരത്തെപ്പറ്റി ഔദ്യോഗികമായി വന്ന പ്രസ്താവനകൾ, പ്രസ് റിലീസ് എന്നിവ ലഭ്യമാണോ എന്നും പരിശോധിക്കുന്നത് നല്ലതാണ്.
വ്യാജ വീഡിയോകൾ, പ്രത്യേകിച്ച് ഡീപ്പ് ഫേക്കുകൾ എന്നത് ഇന്ന് വലിയ വെല്ലുവിളിയാണ്. പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോകൾ ശരിക്കും ഉള്ളതാണോ എഐ നിർമിതമാണോ എന്ന് മലസിലാക്കാൻ പറ്റാത്ത ഒരവസ്ഥ നിലവിലുണ്ട്. പല വീഡിയോകളുടെയും കമൻ്റ് സെക്ഷൻ നോക്കിയാലും ആളുകൾ ഇതേ ചോദ്യങ്ങൾ ഉന്നയിക്കുന്നത് കാണാം. എങ്കിൽ എങ്ങനെയാണ് എഐ നിർമിത വീഡിയോകളും ചിത്രങ്ങളുമെല്ലാം തിരിച്ചറിയുക?
അസ്വാഭാവികമായ ചില കാര്യങ്ങൾ കണ്ടെത്തുകയാണ് എഐ വീഡിയോകൾ തിരിച്ചറിയുന്നതിനുള്ള ആദ്യ പടി. വിരലുകളുടെ എണ്ണം, വസ്ത്രങ്ങളിലും മറ്റുമുള്ള അസ്വാഭാവികതകൾ, എഴുത്തുകളിൽ കാണുന്ന പ്രശ്‌നങ്ങൾ, അസാധാരണമായ നിഴൽ, വസ്തുക്കൾ, അവയുടെ സ്ഥാനം, അസാധാരണമായ നിറങ്ങൾ, മുഖത്തെ ചലനങ്ങൾ അതായത് കണ്ണ് ചിമ്മുന്നതിലെ അസ്വാഭാവികത, ചുണ്ടുകളുടെ ചലനവും ശബ്ദവും തമ്മിലുള്ള പൊരുത്തക്കേട്, ശരീര ഭാഗങ്ങളുടെ അസ്വാഭാവികത എന്നിവയെല്ലാം വീഡിയോ എഐ ആണെന്ന് കണ്ടെത്താനുള്ള മാർഗങ്ങളാണ്.
വ്യാജ വീഡിയോകൾ കണ്ടെത്താനുള്ള ടൂളുകളും ലഭ്യമാണ്. 'InVID WeVerify, Google Reverse Video Search, Deepware Scanner, Amnesty International Video Verification Service, Microsoft Video Authenticator' എന്നിവയാണ് അതിൽ പ്രധാനം. മാധ്യമപ്രവർത്തകരും ഫാക്ട്-ചെക്കർമാരും ഉപയോഗിക്കുന്ന ഏറ്റവും മികച്ച ടൂളാണിവ. സ്മാർട്ട്‌ഫോണിലാണെങ്കിൽ വീഡിയോ സൂം ചെയ്ത് നോക്കണം. വായുടെ ഭാഗവും കണ്ണുകളും സൂം ചെയ്ത് നോക്കിയാൽ പിക്സലുകളിൽ വരുന്ന മാറ്റം ശ്രദ്ധിക്കാൻ പറ്റും. വീഡിയോയുടെ വേഗത കുറച്ചു കണ്ടാൽ എഡിറ്റിങ് നടന്ന ഭാഗങ്ങൾ എളുപ്പത്തിൽ കണ്ടെത്താം.
പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമാണോ എഡിറ്റ് ചെയ്തതാണോ എന്ന് തിരിച്ചറിയാൻ നിരവധി മാർഗങ്ങളുണ്ട്. ഇത്തരം ചിത്രങ്ങളുടെ വസ്തുത പരിശോധിക്കാൻ ഗൂഗിൾ തന്നെ സഹായിക്കും. ബ്രൗസറിൽ ഇതിനായി ചിത്രത്തിൽ റൈറ്റ് ക്ലിക്ക് ചെയ്ത് 'Search Google for Image' ഓപ്ഷൻ തിരഞ്ഞെടുക്കാം. ഇതിലൂടെ ചിത്രം ആധികാരികമാണോയെന്ന് പരിശോധിക്കാൻ ഉപയോക്താക്കൾക്ക് കഴിയും. ഇനി മൊബൈലിൽ ആണെങ്കിൽ ചിത്രത്തിൽ ലോങ് പ്രസ് ചെയ്താൽ ഉപയോക്താക്കൾക്ക് ഈ സേവനം ഉപയോഗപ്പെടുത്തുവാൻ കഴിയും. ഗൂഗിളിന്റെ 'Reverse Image Search' ഉപയോഗിച്ച് ഒരു ചിത്രം മുൻപ് എവിടെയെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താം.
ചിത്രത്തിലെ നിഴലുകൾ, വെളിച്ചം, പശ്ചാത്തലത്തിലെ വളവുകൾ എന്നിവ ശ്രദ്ധിക്കുക. എഡിറ്റ് ചെയ്ത ചിത്രങ്ങളിൽ പലപ്പോഴും നിഴലുകൾ തെറ്റായ ദിശയിലായിരിക്കുമുണ്ടായിരിക്കുക. രു ഫോട്ടോ എടുത്ത സമയം, സ്ഥലം, ഉപയോഗിച്ച ക്യാമറ തുടങ്ങിയ വിവരങ്ങൾ പരിശോധിക്കുന്നതിലൂടെയുെ അത് വ്യാജമാണോ എന്ന് മനസിലാക്കാം. ഇതിനായി മെറ്റാഡാറ്റ പരിശോധന സഹായകമാകും. 'Google Lens, TinEye, InVID WeVerify, FotoForensics, SynthID' എന്നിവ പോലുള്ള ടൂളുകളും വ്യാജ ചിത്രങ്ങൾ കണ്ടെത്താൻ സഹായിക്കുന്നവയാണ്.
വ്യാജ വാർത്തകൾ സമൂഹത്തിൽ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. ഒരാളെ വ്യക്തിപരമായോ അയാൾക്ക് ചുറ്റുമുള്ളതോ ആയ കാര്യങ്ങളെപ്പറ്റിയുള്ള തെറ്റായ വാർത്തകൾ അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും അത് ഉത്കണ്ഠയ്ക്കും വിഷാദത്തിനും വരെ കാരണമാക്കുകയും ചെയ്യുന്ന ഒന്നാണെന്നാണ് പഠനങ്ങൾ പറയുന്നത്. തങ്ങളെ കുറിച്ചുള്ള വ്യാജ വാർത്തകൾ കാരണം ഉണ്ടായ മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് പല സെലിബ്രറ്റികളും പങ്കുവെയ്ക്കാറുണ്ട്.
ഈ ഡിജിറ്റൽ യുഗത്തിൽ, തെറ്റായ വിവരങ്ങൾ മറ്റെന്തിനേക്കാളും വേഗത്തിൽ പ്രചരിക്കുന്നതാണ്. അതുകൊണ്ട് തന്നെ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് അതിന്റെ വസ്തുതകൾ പരിശോധിക്കുക എന്നത് വളരെ പ്രധാനമാണ്. ലഭ്യമാകുന്ന വിവരങ്ങൾ അതേപടി ഫോർവേഡ് ചെയ്യുന്നതിന് മുമ്പ് അതിലെ വസ്തുത പരിശോധിക്കുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. മറ്റൊരാൾക്ക് ബുദ്ധിമുണ്ടാക്കുന്ന തരത്തിലുള്ള വാർത്തകളും മറ്റും നാം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.