ടി20 ലോകകപ്പ് ഗ്രൂപ്പിലെ അവസാനമത്സരത്തിൽ നെതർലൻഡ്‌സിനെതിരെ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ സഹതാരം മുഹമ്മദ് സിറാജിന്റെ 73ാം നമ്പർ ജഴ്സി ധരിച്ചെത്തിയതാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇഷാൻ കിഷനൊപ്പം ഓപ്പണിങ്ങിനെത്തിയപ്പോഴാണ് അഭിഷേകിന്റെ ജഴ്സി ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ താരം ഐസിസി നിയമങ്ങൾ ലംഘിച്ചുവെന്നടക്കമുള്ള ചർച്ചകളും സജീവമാണ്. എന്താണ് ഇതിന്റെ വസ്തുത.
മത്സരത്തിന് ഇറങ്ങുന്നതിന് മുൻപ് അഭിഷേക് തന്റെ ജഴ്സി ഹോട്ടലിൽ മറന്നുവച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സമയം ലാഭിക്കാനായി ആദ്യം അർഷ്ദീപിൻ്റെ ജഴ്സിയാണ് ധരിച്ചതെന്നും എന്നാൽ അർഷ്ദീപ് പ്ലേയിങ് ഇലവനിലുള്ളതിനാൽ സിറാജിന്റെ ജഴ്സി ധരിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. അഭിഷേക് കിറ്റ് ഹോട്ടലിൽ മറന്നുവച്ചു എന്ന് തന്നെയാണ് കമൻ്ററിയിൽ നാസർ ഹുസൈനും സുനിൽ ഗവാസ്കറും വ്യക്തമാക്കിയത്. ഔദ്യോഗിക നടപടികൾ വൈകിക്കാതിരിക്കാനാണ് താരം ഇങ്ങനെ ചെയ്തതെന്നും ഇരുവരും പറഞ്ഞിരുന്നു.
അതേസമയം, ഭാഗ്യം പരീക്ഷിക്കാനാണ് അഭിഷേക് ജഴ്സി മാറ്റിയതെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഭാഗ്യം തെളിയാൻ വേണ്ടി മാറ്റിയ മറ്റൊരു വസ്ത്രം എന്ന് കമൻ്ററിക്കിടെ നസീർ ഹുസൈൻ പറയുകയും ചെയ്തിരുന്നു. എന്തുതന്നെയായാലും താരം ഐസിസിയുടെ നിയമങ്ങൾ ലംഘിച്ചുവെന്നത് തന്നെയാണ് പ്രധാന ചർച്ചാ വിഷയം.
അഭിഷേക് ശർമ ചെയ്തത് ഐസിസി നിയമങ്ങൾക്ക് എതിരാണോ? അല്ല എന്നാണ് ഉത്തരം. ഐസിസിയുടെ നിയമങ്ങൾ അനുസരിച്ച് അത്യാവശ്യ ഘട്ടങ്ങളിൽ മാച്ച് ഒഫീഷ്യൽസിന്റെ അനുവാദത്തോടെ മറ്റൊരു താരത്തിന്റെ ജഴ്സി ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നാണ് വാസ്തവം. ഇവിടെ അമ്പയർമാരുടെ അനുമതിയോടെയാണ് അഭിഷേക് സിറാജിന്റെ ജഴ്സി ധരിച്ച്കളത്തിലിറങ്ങിയത്. അതായത് നിയമപരമായ പ്രശ്നങ്ങളൊന്നും ഈ ജഴ്സി മാറ്റം മൂലം ഉണ്ടായിട്ടില്ലെന്ന് വ്യക്തം.