NEWSROOM

വ്യാജ സർട്ടിഫിക്കറ്റ് വിവാദം: പൂജ ഖേഡ്ക്കറിൻ്റെ ഐഎഎസ് പദവി റദ്ദാക്കാനൊരുങ്ങി യുപിഎസ്‌സി

പേര്, മാതാപിതാക്കളുടെ പേര്, ചിത്രം, ഒപ്പ്, ഇ-മെയിൽ ഐഡി എന്നിവയിൽ കൃത്രിമം കാണിച്ച് പൂജ ഖേഡ്ക്കർ പരീക്ഷാ ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ

Author : ന്യൂസ് ഡെസ്ക്

വിവാദ ഉദ്യോഗസ്ഥ പൂജ ഖേഡ്ക്കറിൻ്റെ ഐഎഎസ് പദവി റദ്ദാക്കാനൊരുങ്ങി യുപിഎസ്‌സി. സർവീസിൽ പ്രവേശിക്കുമ്പോൾ സമർപ്പിച്ച രേഖകളിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. യുപിഎസ്‌സിയുടെ ഭാവി പരീക്ഷകളിൽ നിന്നും ഇവർക്ക് വിലക്ക് വീഴും.

പേര്, മാതാപിതാക്കളുടെ പേര്, ചിത്രം, ഒപ്പ്, ഇ-മെയിൽ ഐഡി എന്നിവയിൽ കൃത്രിമം കാണിച്ച് പൂജ ഖേഡ്ക്കർ പരീക്ഷാ ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ഇത് ചൂണ്ടിക്കാണിച്ച് 2022ലെ സിവിൽ സർവീസ് പരീക്ഷാ ചട്ടം പ്രകാരമാണ് പൂജയുടെ ഐഎഎസ് റദ്ദാക്കാനും തുടർപരീക്ഷകളിൽ നിന്ന് വിലക്കാനുമുള്ള യുപിഎസ്‌സി നീക്കം.

മഹാരാഷ്ട്ര സർക്കാരിൻ്റെ ജനറൽ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്ട്മെൻ്റ് അഡീഷണൽ സെക്രട്ടറി നിധിൻ ഗാദ്രേ വിഷയത്തിൽ കേന്ദ്ര സർക്കാരിൻ്റെ പേഴ്സണൽ ആൻഡ് ട്രെയിനിങ് ഡിപ്പാർട്ട്മെൻ്റിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന കേന്ദ്ര അഡീഷണൽ സെക്രട്ടറി മനോജ് ദിവേദിയുടെ നേതൃത്വത്തിലുള്ള ഏകാംഗ സമിതിക്കും നിധിൻ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സ്വന്തം ഔഡി കാറിൽ ആംബർ ബീക്കണും സംസ്ഥാന സർക്കാരിൻ്റെ ചിഹ്നവും ഘടിപ്പിച്ചതും, ഒരു മുതിർന്ന ഉദ്യോഗസ്ഥനുമായുള്ള തർക്കവുമുൾപ്പെടെ, നിരവധി വിവാദങ്ങളാണ് പൂജ ഖേഡ്ക്കറിനെതിരെ ഉയർന്നിരിക്കുന്നത്.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് പിന്നാലെ പൂജ സമര്‍പ്പിച്ച ജാതി സര്‍ട്ടിഫിക്കറ്റും വ്യാജമാണോ എന്ന് സംശയം ഉയർന്നിരുന്നു. പൂജ ഖേഡ്ക്കറിൻ്റെ പിതാവ് ദിലീപ് ഖേഡ്ക്കറുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 40 കോടി രൂപ ആസ്തിയുണ്ടെന്നാണ് കാണിച്ചിരിക്കുന്നത്. പിതാവിൻ്റെ സമ്പത്ത് കണക്കിലെടുക്കുമ്പോൾ ഒബിസി നോൺ ക്രീമിലെയർ പദവിക്ക് പൂജ എങ്ങനെ യോഗ്യത നേടിയെന്നതും ചോദ്യം ചെയ്യപ്പെടുകയാണ്.



SCROLL FOR NEXT