ചാലക്കുടിയിലെ ബ്യൂട്ടി പാർലർ സംരംഭക ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തിയ കേസിൻ്റെ അന്വേഷണ ചുമതല പൊലീസിന് കൈമാറി എക്സൈസ്. അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകൾ, രേഖകൾ, തെളിവുകൾ എന്നിവ ഉൾപ്പെടെയാണ് കൈമാറിയത്.
കേസ് പൊലീസ് ഏറ്റെടുക്കാൻ ഹൈക്കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എസ്ഐടി രൂപീകരിച്ച് മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, വ്യാജ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ പ്രതി നാരായണ ദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു. ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണം. മൂന്ന് മാസത്തിനകം കേസിൽ കുറ്റപത്രം നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ, കേസിൽ മുഖ്യപ്രതി നാരായണ ദാസ് ഇപ്പോഴും ഒളിവിലാണ്.
എന്നാൽ, നാരായണ ദാസിന് ജാമ്യം നിഷേധിച്ചതിൽ സന്തോഷമുണ്ടെന്ന് കേസിൽ ഇരയാക്കപ്പെട്ട ബ്യൂട്ടി പാർലർ സംരംഭക ഷീല സണ്ണി ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരുന്നു. താൻ അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് പറയാനാകില്ല. സമൂഹവും കുടുംബവും ഒറ്റപ്പെടുത്തി. ചെയ്യാത്ത തെറ്റിന് വേണ്ടി ഒരുപാട് അനുഭവിച്ചുവെന്നും ഷീല സണ്ണി പറഞ്ഞിരുന്നു. മയക്കുമരുന്ന് എന്താണ് എന്നുകൂടി തനിക്കറിയില്ല. തന്നെ പിടികൂടുമ്പോൾ കയ്യിലുണ്ടായിരുന്നത് 900 രൂപ മാത്രമാണ്. ഈ കേസിന്റെ പേരിൽ താൻ സ്നേഹിച്ചവർ എല്ലാം തന്നെ തള്ളിക്കളഞ്ഞു. കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യണം. എന്തിനാണ് തന്നെ കുടുക്കിയതെന്ന് അറിയണമെന്നും ഷീല സണ്ണി പറഞ്ഞു.
ഷീല സണ്ണിയുടെ വാഹനത്തിൽ ലഹരി മരുന്ന് വെച്ച ശേഷം അക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് നാരായണദാസ് ആണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഷീല സണ്ണിയുടെ മകന്‍റെ ഭാര്യയുടെ സഹോദരിയും ബെംഗളൂരുവിലെ വിദ്യാർഥിനി ലിവിയ ജോസിൻ്റെ സുഹൃത്തായിരുന്നു നാരായണ ദാസ്.