NEWSROOM

"മെഡിക്കൽ സേവനമോ ആംബുലൻസോ ഉണ്ടായില്ല"; വേടന്റെ പരിപാടിയിൽ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചതിൽ കുടുംബം

മരണത്തിന് ശേഷം സംഘാടകർ ഒന്നു വിളിക്കുക പോലും ചെയ്തില്ലെന്നും കുടുംബം പറയുന്നു

Author : ന്യൂസ് ഡെസ്ക്


തിരുവനന്തപുരത്ത് റാപ്പർ വേടന്റെ പരിപാടിക്കായി ഡിസ്പ്ലേ ഒരുക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സംഘാടകർക്കെതിരെ യുവാവിന്റെ കുടുംബം. പരിപാടി സംഘടിപ്പിച്ചത് സുരക്ഷാ സൗകര്യങ്ങൾ ഒരുക്കാതെയാണെന്നാണ് മരിച്ച ലിജു ഗോപിനാഥിന്റെ കുടുംബം ആരോപിക്കുന്നത്. മെഡിക്കൽ സേവനമോ ആംബുലൻസോ ഉണ്ടായിരുന്നില്ല. മരണത്തിന് ശേഷം സംഘാടകർ ഒന്നു വിളിക്കുക പോലും ചെയ്തില്ലെന്നും കുടുംബം പറയുന്നു.

കിളിമാനൂരിൽ മേയ് എട്ടിനാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. വെള്ളല്ലൂര്‍ ഊന്നന്‍കല്ല് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഊന്നന്‍കല്ല് പാടശേഖരത്താണ് പരിപാടിക്കായി വേദി ഒരുക്കിയത്. പരിപാടിക്കായി എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെയാണ് ടെക്നീഷ്യനായ ആറ്റിങ്ങൽ കോരാണി സ്വദേശി ലിജു ഗോപിനാഥ് (42) മരിച്ചത്.

വേദിയില്‍ ഒപ്പം രണ്ട് ടെക്‌നീഷ്യന്മാരുണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് ഷോക്കേറ്റില്ല. കുഴഞ്ഞുവീണ ഉടന്‍ തന്നെ ലിജുവിനെ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ലിജുവിൻ്റെ മരണത്തെ തുടർന്ന് പരിപാടിയിൽ നിന്ന് പിന്മാറുകയാണെന്ന് വേടൻ അറിയിച്ചിരുന്നു.

SCROLL FOR NEXT