NEWSROOM

ഭർതൃവീട്ടിൽ നിന്നും ശാരീരിക മാനസിക പീഡനങ്ങൾ അനുഭവിച്ചു; കോട്ടയത്തെ അഭിഭാഷകയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം

ജിസ്മോളും മക്കളും മരിക്കുന്നതിന് തലേദിവസം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സംശയമുണ്ട്

Author : ന്യൂസ് ഡെസ്ക്


കോട്ടയം അയർക്കുന്നത്ത് മക്കളുമൊത്ത് അഭിഭാഷക ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ജിസ് മോളുടെ കുടുംബം. മകൾ ഭർതൃവീട്ടിൽ നിന്നും ശാരീരിക മാനസിക പീഡനങ്ങൾ അനുഭവിച്ചിരുന്നതായി ജിസ്മോളുടെ പിതാവ് പറഞ്ഞു. ഭർത്താവ് മർദിച്ചിരുന്ന വിവരം തന്നോട് പറഞ്ഞിട്ടുണ്ട്. ഭർത്താവിൻ്റെ അമ്മയും സഹോദരിയും ജിസ്മോളെ മാനസികമായി ഉപദ്രവിച്ചിരുന്നു. ജിസ്മോളും മക്കളും മരിക്കുന്നതിന് തലേദിവസം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സംശയമുണ്ട്. നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ജിസ്മോളുടെ കുടുംബം പറഞ്ഞു.

അതേസമയം, അമ്മയും മക്കളും മരിച്ചത് ശ്വാസകോശത്തിൽ വെള്ളം  നിറഞ്ഞാണെന്നാണ് പ്രാഥമിക നിഗമനം.ജിസ്മോളുടെ കയ്യിലെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. പുറത്തും മുറിവുണ്ട്. രണ്ട് മക്കളുടെയും ഉള്ളിൽ അണുനാശിനിയുടെ അംശവും കണ്ടെത്തിയിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ഏപ്രിൽ 15 നാണ് പാലാ സ്വദേശിനി ജിസ്മോൾ തോമസ് (34), മക്കളായ നോഹ (5), നോറ (2) എന്നിവർ പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. പേരൂർ കണ്ണമ്പുരക്കടവിൽ ഒഴുകിയെത്തുന്ന നിലയിൽ കുട്ടികളെയാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ കരയ്ക്കെത്തിച്ചു. ഈ സമയത്ത് തന്നെയാണ് അമ്മയെ ആറുമാനൂർ ഭാഗത്ത് നിന്നും കണ്ടെത്തിയത്.

കുടുംബ പ്രശ്നങ്ങൾ മൂലം ആകാം ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. പരിശേധനയിൽ ജിസ്മോളുടെ മുറിയിൽ നിന്നും പൊലീസ് വിഷകുപ്പി കണ്ടെത്തിയിട്ടുണ്ട്. യുവതി നേരത്തെ കൈമുറിച്ചും ആത്മഹത്യ ശ്രമിച്ചിരുന്നതായും വിവരമുണ്ട്.


ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യയാണ് ജിസ്മോൾ. അഭിഭാഷകയായ ജിസ്മോൾ ഹൈക്കോടതിയിലും പാലായിലും പ്രവർത്തിച്ചു വരുകയായിരുന്നു. നേരത്തെ മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.

SCROLL FOR NEXT