NEWSROOM

"ശരീരത്തില്‍ ചൂരല്‍കൊണ്ട് അടിച്ച പാടുകള്‍"; പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സുരേഷിന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

പൊലീസ് വിട്ടയച്ച് ആറാം ദിവസമാണ് സുരേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിനു പിന്നാലെ മരിച്ച നിലയില്‍ കണ്ടെത്തിയ സുരേഷിന്റെ ശരീരമാസകലം മുറിവുകൾ ഉണ്ടായിരുന്നുവെന്ന് സഹോദരൻ. പൊലീസ് മർദനത്തിലാണ് മകൻ മരിച്ചതെന്നാണ് സുരേഷിന്റെ അമ്മ ആരോപിക്കുന്നത്. മാർച്ച് 22നാണ് കോയിപ്രം സ്വദേശി സുരേഷിനെ(57) മരിച്ച നിലയിൽ കണ്ടത്.

മാർച്ച്‌ 16നാണ് കഞ്ചാവ് ഉപയോഗിച്ചെന്ന് ആരോപിച്ച് സുരേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പൊലീസ് വിട്ടയച്ച് ആറാം ദിവസമാണ് സുരേഷിനെ തൂങ്ങിമരിച്ച നിലയിൽ കോന്നിയിൽ നിന്ന് കണ്ടെത്തിയത്. മരിക്കുന്നതിന് തലേദിവസം വീട്ടിലെത്തി രണ്ടു പേർ സുരേഷിനെ കൂട്ടിക്കൊണ്ടു പോയെന്നാണ് അമ്മ അമ്മിണി പറയുന്നത്. കാറിൽ വന്നവർക്കൊപ്പം സുരേഷ് വാഹനം ഓടിച്ചു പോകുകയായിരുന്നു. വീട്ടിലെത്തി സുരേഷിനെ ആരോ കൂട്ടിക്കൊണ്ട് പോയിരുന്നെന്ന് പൊലീസും സ്ഥിരീകരിച്ചു.

കോയിപ്രത്ത് നിന്നുള്ള സുരേഷ് കോന്നിയിൽ പോയി ആത്മഹത്യ ചെയ്തു എന്നതിൽ ദുരൂഹതയുണ്ടെന്നാണ് സഹോദരൻ സണ്ണി (സജി) ആരോപിക്കുന്നത്. സുരേഷിന് മർദനമേറ്റതായി സഹോദരൻ പറയുന്നു. സുരേഷ് ഡ്രൈവറായി ജോലി ചെയ്യുന്ന വാഹന ഉടമയോട് മർദനമേറ്റ വിവരങ്ങൾ സുരേഷ് പറഞ്ഞിരുന്നു. മർദിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനിൽ നിന്നും വിട്ടയച്ചത്. കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും മർദിച്ചു. തുടർന്ന് അടുത്ത ദിവസം ആരോ എത്തി കാറിൽ കയറ്റി കൊണ്ടുപോയെന്നും പിന്നീട് മരിച്ച വിവരമാണ് അറിഞ്ഞതെന്നും സണ്ണി പറയുന്നു.

അതേസമയം, സുരേഷിന്റെ നാല് വാരിയെല്ലുകൾക്ക് പൊട്ടലുള്ളതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ചൂരൽ കൊണ്ട് അടിച്ചതായി കരുതുന്ന പാടുകളും ശരീരത്തിലുണ്ട്. ശരീരത്തിൽ ഉരഞ്ഞ പാടുകളുമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

SCROLL FOR NEXT