NEWSROOM

കൂടരഞ്ഞി സെന്റ് ജോസഫ് ആശുപത്രിയില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം: അന്വേഷണം വൈകുന്നതില്‍ ആശങ്കയോടെ കുടുംബം

ആശുപത്രിയിലെ അശാസ്ത്രീയ വയറിങ്ങും അപകടത്തിന് ശേഷം ആശുപത്രി അധികൃതര്‍ ചികിത്സ വൈകിപ്പിച്ചതുമാണ് അബിന്റെ മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയത്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് കൂടരഞ്ഞി സെന്റ് ജോസഫ് ആശുപത്രി കാന്റീന്‍ പരിസരത്ത് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം വേഗത്തിലാക്കണം എന്ന ആവശ്യവുമായി കുടുംബം രംഗത്ത്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സെപ്റ്റംബര്‍ 5 നാണ് കൂടരഞ്ഞി ചവലപ്പാറ സ്വദേശി അബിന്‍ ബിനു ആശുപത്രി കോമ്പോണ്ടില്‍ ഷോക്കേറ്റ് മരിക്കുന്നത്.

അബിന്റെ മരണമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഈ കുടുംബം ഇതുവരെയും മുക്തരായിട്ടില്ല. എക മകന്റെ അകാലമരണത്തില്‍ നീതി വേണമെന്നാണ് മാതാപിതാക്കള്‍ ആവശ്യപ്പെടുന്നത്. കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായും അന്വേഷണം വൈകുന്നതില്‍ ആശങ്ക ഉണ്ടെന്നും കുടുംബം പറയുന്നു.

ആശുപത്രിയിലെ അശാസ്ത്രീയ വയറിങ്ങും അപകടത്തിന് ശേഷം ആശുപത്രി അധികൃതര്‍ ചികിത്സ വൈകിപ്പിച്ചതുമാണ് അബിന്റെ മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയത്. അബിന്‍ മരിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് കോലോത്തുംകടവ് സ്വദേശിയായ സാദിക്കിന് സമാന രീതിയില്‍ അതേസ്ഥലത്ത് വെച്ച് ഷോക്കേല്‍ക്കുകയും അക്കാര്യം ആശുപത്രി അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു.

ന്യൂസ് മലയാളത്തിലൂടെയായിരുന്നു സാദിക്കിന്റെ വെളിപ്പെടുത്തല്‍. ന്യൂസ് മലയാളം വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 9-ാം തീയതി മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുകയും 15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ താമരശ്ശേരി ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ ഉത്തരവിറങ്ങി 4 മാസം പിന്നിട്ടിട്ടും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ താമരശ്ശേരി ഡിവൈഎസ്പിക്ക് സാധിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണ കാരണം ഷോക്കേറ്റതാണ് എന്ന് വ്യക്തമായിട്ടും, കുടുംബം അയച്ച വക്കീല്‍ നോട്ടീസിന് ആശുപത്രി അധികൃതര്‍ നല്‍കിയ മറുപടി അത്തരം ഒരു അപകടം ആശുപത്രിയില്‍ സംഭവിച്ചിട്ടില്ല എന്നാണ്.

അപകടം നടന്ന സമയത്തെ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും ആശുപത്രിയില്‍ പരിശോധന നടത്തിയ ഇലക്ട്രിക്കല്‍ എഞ്ചിനീയറുടെ റിപ്പോര്‍ട്ടും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞ് അന്വേഷണ റിപ്പോര്‍ട്ട് ഇനിയും വൈകിപ്പിച്ചാല്‍ പരസ്യ പ്രതിഷേധത്തിലേക്കിറങ്ങാനാണ് കുടുംബത്തിന്റെ തീരുമാനം.

SCROLL FOR NEXT