NEWSROOM

കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ മതിയായ ജീവനക്കാരില്ല; ആർദ്രം പദ്ധതി പ്രതിസന്ധിയിൽ

അഭിമാന പദ്ധതി അസ്ഥിരമാകുന്നതിൽ രാഷ്ട്രീയ ചരടുവലിയെന്നും ആരോപണം

Author : ന്യൂസ് ഡെസ്ക്

സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതി മതിയായ ജീവനക്കാരില്ലാതെ പ്രതിസന്ധിയില്‍. മുമ്പ് നിയമിച്ച ജീവനക്കാരുടെ കാലാവധി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കിഴിഞ്ഞുവെങ്കിലും പുതിയ നിയമനങ്ങള്‍ നടക്കാത്തതിനാല്‍ പലയിടത്തും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉച്ചക്കുശേഷം കൃത്യമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണുള്ളത്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുകയായിരുന്നു ആര്‍ദ്രം പദ്ധതിയുടെ ആദ്യഘട്ടം. ഇതിനായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരുന്നു. പ്രവര്‍ത്തനസമയം രാവിലെ മുതല്‍ വൈകിട്ടുവരെയാക്കി. 2017ല്‍ പദ്ധതി ആരംഭിച്ചപ്പോള്‍ ആരോഗ്യവകുപ്പിനു പുറമേ തദ്ദേശവകുപ്പ് നിയമിച്ച താത്കാലിക ഡോക്ടര്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്നിഷ്യന്‍ എന്നിവരുടെ സേവനങ്ങള്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് 6 മണി വരെ ലഭിച്ചിരുന്നു. 

ദിവസേനയുള്ള ചികിത്സക്ക് പുറമെ ശ്വാസകോശ രോഗങ്ങള്‍, വിഷാദം, ജീവിത ശൈലി രോഗങ്ങള്‍ തുടങ്ങിയവക്കുമുള്ള മെഡിക്കല്‍ ക്യാമ്പുകള്‍ ഉള്‍പ്പടെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നടത്തി വന്നിരുന്നു. മൂന്ന് ഡോക്ടര്‍മാര്‍, നാല് സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ്, നഴ്‌സിങ് അസിസ്റ്റന്റ്, ഗ്രേഡ്-2 ജീവനക്കാര്‍ എന്നിവയാണ് പദ്ധതി പ്രകാരം കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വേണ്ടത്.

ഇതില്‍ ഒരു ഡോക്ടറും, രണ്ടു നഴ്‌സും മറ്റ് ജീവനക്കാര്‍ ഓരോന്ന് വീതവുമാണ് അതത് തദ്ദേശസ്ഥാപനങ്ങള്‍ നിയമിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 25ന് തദ്ദേശവകുപ്പ് ഇറക്കിയ ഉത്തരവ് ഈ ധാരണകളെയെല്ലാം മാറ്റി മറിച്ചു. കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ ഒരു ഡോക്ടര്‍, ഒരു പാരമെഡിക്കല്‍ സ്റ്റാഫ് എന്നിങ്ങനെ മാത്രം നിയമിച്ചാല്‍ മതിയെന്നായിരുന്നു ഉത്തരവ്. 

ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍ തുടങ്ങിയവരില്‍ ആരെയങ്കിലും ഒരാളെ മാത്രം നിയമിച്ചാല്‍ മതിയെന്നും, അധിക സ്റ്റാഫിനെ നിയമിക്കേണ്ട ചുമതല ആരോഗ്യവകുപ്പിനാണെന്നും ഉത്തരവില്‍ പറയുന്നു. തദ്ദേശസ്ഥാപനങ്ങള്‍ ആര്‍ദ്രം പദ്ധതിക്കായി ജീവനക്കാരെ നിയമിക്കണമെങ്കില്‍ തദ്ദേശസ്വയംഭരണ മന്ത്രി അദ്ധ്യക്ഷനായ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിക്കണമെന്നാണ് പുതിയ തീരുമാനം. 

ഇതിനായി തദ്ദേശസ്ഥാപനങ്ങള്‍ ഡി.എം.ഒ വഴി ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കി, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇക്കാര്യം കോര്‍ഡിനേഷന്‍ കമ്മറ്റിയില്‍ അറിയിക്കണം. താഴെ ഘടകങ്ങളില്‍ തീരുമാനം എടുക്കേണ്ട വിഷയം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ രാഷ്ട്രീയ ചരടുവലികളിലൂടെ സങ്കീര്‍ണമാക്കി പദ്ധതിയെ തകര്‍ക്കുകയാണെന്നും ആക്ഷേപമുണ്ട്.

SCROLL FOR NEXT