NEWSROOM

"ആഭ്യന്തര അന്വേഷണ റിപ്പോർട്ട് കൈമാറാത്തതിൽ ദുരൂഹത"; സീപാസിനെതിരെ ഗുരുതര ആരോപണവുമായി അമ്മു സജീവിൻ്റെ കുടുംബം

സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് സെൻ്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്‌ഡ് സ്റ്റഡീസ് (CPAS)

Author : ന്യൂസ് ഡെസ്ക്


നഴ്‌സിങ് കോളേജ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ ദുരൂഹ മരണത്തില്‍ സീപാസിനെതിരെ ഗുരുതരമായ ആരോപണമുയർത്തി കുടുംബം. അമ്മു സജീവിന്റെ ആത്മഹത്യക്ക് പിന്നാലെ സീപാസ് ആഭ്യന്തര അന്വേഷണം നടത്തിയിരുന്നുവെന്നും, എന്നാൽ അന്വേഷണ റിപ്പോർട്ട്‌ നൽകാൻ സീപാസ് ഡയറക്ടർ തയ്യാറാകുന്നില്ലെന്നും അമ്മു സജീവിന്റെ ബന്ധുക്കൾ ആരോപിച്ചു. അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ കുടുംബത്തെ അറിയിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും, സീപാസിന്റെ സമീപനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും കുടുംബം അറിയിച്ചു.

സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് സെൻ്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്‌ഡ് സ്റ്റഡീസ് (CPAS). നേരത്തെ അമ്മു സജീവിന്റെ മരണത്തില്‍ കോളേജ് പ്രിന്‍സിപ്പലിനും മൂന്ന് വിദ്യാര്‍ഥികള്‍ക്കുമെതിരെ നടപടിയെടുത്തിരുന്നു. പ്രിന്‍സിപ്പലിനെ സീപാസിന് കീഴിലെ സീതത്തോട് കോളേജിലേക്ക് സ്ഥലം മാറ്റിയത്. പകരം സീതത്തോട് കോളേജ് പ്രിന്‍സിപ്പല്‍ ആയിരുന്ന തുഷാരയെ ചുട്ടിപ്പാറയിലേക്കും മാറ്റി. അമ്മുവിന്റെ മരണത്തില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ഥിനികളേയും കോളേജ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അലീന, അഷിത, അഞ്ജന എന്നീ വിദ്യാര്‍ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥിനികള്‍ നിലവില്‍ ജാമ്യത്തിലാണ്.

ചുട്ടിപ്പാറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ്ങിലെ നാലാം വർഷ വിദ്യാര്‍ഥിനി, തിരുവനന്തപുരം അയിരൂപാറ സ്വദേശിനിയായ അമ്മു സജീവ് (22) നവംബര്‍ 15നാണ് പത്തനംതിട്ടയില്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണുമരിച്ചത്. പിന്നാലെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. സഹപാഠികളായ വിദ്യാർഥികൾ അമ്മുവിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നാണ് കുടുംബത്തിന്‍റെ ആരോപണം.

SCROLL FOR NEXT