NEWSROOM

ഉപേക്ഷിക്കപ്പെട്ട കാറിനുള്ളില്‍ കുടുംബത്തിലെ അഞ്ച് പേരുടെ മൃതദേഹം; കണ്ടെത്തിയത് വീട്ടില്‍ നിന്നും 200 കി.മീ അകലെ

കാറിനുള്ളില്‍ നിന്ന് വിഷം അടങ്ങിയ കുപ്പി കണ്ടെത്തിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ഉപേക്ഷിക്കപ്പെട്ട കാറിനുള്ളില്‍ കുടുംബത്തിലെ അഞ്ച് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ ജില്ലയിലാണ് സംഭവം. ട്രിച്ചി-കാരൈക്കുടി ദേശീയ പാതയ്ക്ക് സമീപം ബുധനാഴ്ച രാവിലെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയത്. പ്രദേശവാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മുതലാണ് ദേശീയപാതയ്ക്കരികില്‍ കാര്‍ നിര്‍ത്തിയിട്ടതായി കണ്ടതെന്ന് നാട്ടുകാർ പറയുന്നു.

മണികണ്ഠന്‍ (50), ഭാര്യ നിത്യ, മാതാവ് സരോജ, രണ്ട് മക്കള്‍ എന്നിവരുടെ മൃതദേഹമാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നത്. സേലം സ്വദേശികളാണ് ഇവര്‍. സേലത്തെ വീട്ടില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയാണ് കാര്‍ കണ്ടെത്തിയത്. കുടുംബം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. കാറിനുള്ളില്‍ നിന്ന് വിഷം അടങ്ങിയ കുപ്പി കണ്ടെത്തിയിട്ടുണ്ട്.

കാറിനുള്ളില്‍ നിന്ന് ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. കുടുംബം ഒന്നിച്ച് ജീവനൊടുക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. സാമ്പത്തിക ഇടപാടുകള്‍ അടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്.

ലോഹവ്യാപാരിയായ മണികണ്ഠന് കടബാധ്യതയുണ്ടെന്നാണ് വിവരം. വായ്പ വാങ്ങിയവരില്‍ നിന്നുള്ള സമ്മര്‍ദമാണ് മരണകാരണം എന്നും സൂചനയുണ്ട്. മൃതദേഹങ്ങൾ പുതുക്കോട്ടൈ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് .

(ഓര്‍ക്കുക-ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000) )

SCROLL FOR NEXT