NEWSROOM

കൃഷിഭവനിൽ നിന്ന് നൽകിയ വിത്തുകളിൽ ഏറിയ പങ്കും ഉപയോഗശൂന്യം; നഷ്ട പരിഹാരമാവശ്യപ്പെട്ട് കർഷകർ

പാട്ടത്തിനെടുത്ത വയലിൽ കൃഷി ഇറക്കാൻ പറ്റാതായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കർഷകർ

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ ആലാ ഗ്രാമപഞ്ചായത്തിൽ കർഷകർ ദുരിത കയത്തിൽ. കൃഷിക്കായി എത്തിച്ച വിത്തുകളിൽ ഏറിയ പങ്കും ഉപയോഗ ശൂന്യമായതെന്ന് കർഷകർ. രണ്ട് തവണ വിത്ത് പാകിയെങ്കിലും പകുതി വിത്ത് പോലും മുളച്ചില്ലെന്നും കർഷകർ പറയുന്നു. പാട്ടത്തിനെടുത്ത വയലിൽ കൃഷി ഇറക്കാൻ പറ്റാത്തതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കർഷകർ.

കൃഷിഭവനിൽ നിന്ന് നെല്ല് വിതരണം ചെയ്തതോടെ വിത്ത് വിതയ്ക്കാൻ വലിയ തുക മുടക്കിയാണ് കർഷകർ നിലമൊരുക്കിയത്. എന്നാൽ വിത്ത് പാകി കഴിഞ്ഞപ്പോൾ മുള പോലും വീഴാത്ത സാഹചര്യമാണ്. കർഷകർ കൃഷി ഓഫീസിൽ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ പാടം സന്ദർശിക്കുകയും വിത്തുകൾ പരിശോധനക്ക് ശേഖരിക്കുകയും ചെയ്തു. പക്ഷെ പുതിയ വിത്ത് സ്വന്തം നിലയ്ക്ക് വാങ്ങേണ്ടി വരും എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്ന് കർഷകർ പറയുന്നു. 


നിലമൊരുക്കിയത് അടക്കം കർഷകൻ ഇതിനോടകം വലിയ തുക ചെ ലവഴിച്ചു കഴിഞ്ഞു. വിത്ത് ഉപയോഗ ശൂന്യമായതിനാൽ നഷ്ടപരിഹാരം വേണമെന്നാണ് കർഷകരുടെ ആവശ്യം. ഗുണനിലവാരമുള്ള വിത്തുകൾ ഉറപ്പാക്കാൻ പഞ്ചായത്തിൻ്റെ അടക്കം ഇടപെടൽ ഉണ്ടാകണം എന്നും കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നിലവിൽ നേരിട്ട നഷ്ടങ്ങൾക്ക് ഉടനടി സാമ്പത്തിക സഹായം നൽകാൻ അധികൃതർ തയ്യാറാകണമെന്നും കർഷകർ ആവശ്യപ്പെട്ടു

SCROLL FOR NEXT