NEWSROOM

മുനമ്പം ഭൂമി സാധാരണ വഖഫിന്റെ പരിധിയില്‍ വരില്ല; കമ്മീഷന് മുന്നില്‍ നിലപാട് വ്യക്തമാക്കി ഫാറൂഖ് കോളേജ്

വഖഫ് എന്ന ഒരു വാക്ക് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഭൂമി കൈമാറ്റത്തിന്റെ വ്യവസ്ഥകളില്‍ നിന്ന് അത് ഇഷ്ട ദാനമാണെന്ന് വ്യക്തമാകുന്നതായി ഫാറൂഖ് കോളേജ് വാദിച്ചു.

Author : ന്യൂസ് ഡെസ്ക്


മുനമ്പം കമ്മീഷന് മുന്നില്‍ നിലപാട് വ്യക്തമാക്കി ഫാറൂഖ് കോളേജ്. ക്രയവിക്രയ സ്വാതന്ത്ര്യത്തോടെ വഖഫായി കൈമാറുന്നു എന്നാണ് ആധാരത്തിലുള്ളത്. അതുകൊണ്ട് തന്നെ മുനമ്പം ഭൂമി സാധാരണ വഖഫിന്റെ പരിധിയില്‍ വരില്ലെന്നും ഫാറൂഖ് കോളേജ് കമ്മീഷനെ അറിയിച്ചു. മറ്റ് കക്ഷികളെക്കൂടി വിശദമായി കേട്ട് സമയബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

മുനമ്പം വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ബന്ധപ്പെട്ട കക്ഷികളെ കേള്‍ക്കുന്ന പബ്ലിക്ക് ഹിയറിങില്‍ ഇന്ന് ഫാറൂഖ് കോളേജിന്റെ വാദമാണ് പ്രധാനമായും നടന്നത്. വഖഫ് എന്ന ഒരു വാക്ക് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഭൂമി കൈമാറ്റത്തിന്റെ വ്യവസ്ഥകളില്‍ നിന്ന് അത് ഇഷ്ട ദാനമാണെന്ന് വ്യക്തമാകുന്നതായി ഫാറൂഖ് കോളേജ് വാദിച്ചു.

വഖഫ് സ്ഥിരം കൈമാറ്റമാണെന്ന് അറിയാവുന്ന ഉടമ ക്രയവിക്രയ അധികാരം നല്‍കിയത് തന്നെ ഇതിന് തെളിവാണെന്ന് ഫാറൂഖ് കോളേജ് അഭിഭാഷകന്‍ മായിന്‍ കുട്ടി മേത്തര്‍ കമ്മീഷന് മുന്നില്‍ ബോധിപ്പിച്ചു.

സമാനമായ കേസുകളില്‍ മുമ്പുണ്ടായ വിധികള്‍ അടക്കം സൂചിപ്പിച്ച് കൊണ്ടാണ് ഫാറൂഖ് കോളേജ് തങ്ങളുടെ ഭാഗം വിവരിച്ചത്. എല്ലാ കക്ഷികളെയും വിശദമായി കേള്‍ക്കുമെന്നും അടുത്ത മാസം അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മുനമ്പം കമ്മീഷന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

15, 22 തീയതികളിലാണ് ഇനിയുള്ള സിറ്റിങ് നിശ്ചയിച്ചിരിക്കുന്നത്. വഖഫ് ബോര്‍ഡിന്റെ വാദം ഇന്ന് നിശ്ചയിച്ചിരുന്നുവെങ്കിലും ബോര്‍ഡ് കൂടുതല്‍ സമയം തേടുകയായിരുന്നു.

SCROLL FOR NEXT