എരഞ്ഞിപ്പാലത്ത് യുവതിയെ കൊന്ന കേസിലെ പ്രതി സനൂഫിനെ പൊലീസ് പിടികൂടിയത് പഴുതടച്ച അന്വേഷണത്തിലൂടെ. മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തും രൂപമാറ്റം വരുത്തിയും പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിവിദഗ്ധമായി പിടികൂടുകയായിരുന്നു. കേരള പൊലീസിന്റെ അന്വേഷണ മികവിന് മറ്റൊരു ഉദാഹരണം കൂടിയായി മാറി എരഞ്ഞിപ്പാലം കൊലപാതക കേസ്.
കോഴിക്കോട് നഗര മധ്യത്തില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതി അബ്ദുല്‍ സനൂഫിനെ പിടികൂടാന്‍ പൊലീസിന് വേണ്ടി വന്നത് മൂന്ന് ദിവസം മാത്രം. എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ വെട്ടത്തറ സ്വദേശി ഫസീലയുടെ മൃതദേഹം കണ്ടപ്പോള്‍ ആദ്യം ആത്മഹത്യയെന്നാണ് കരുതിയത്. എന്നാല്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് സനൂഫാണ് കുറ്റവാളി എന്ന് മനസ്സിലാക്കിയതോടെ പ്രതിയെ പിടികൂടാന്‍ കോഴിക്കോട് സിറ്റി പൊലീസ് ഓപ്പറേഷന്‍ നവംബര്‍ പദ്ധതി തയ്യാറാക്കി.
കമീഷണര്‍ ടി.നാരായണന്റെ കീഴില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൂന്ന് സംഘങ്ങളായിട്ടായിരുന്നു അന്വേഷണം. പ്രതി അബ്ദുള്‍ സനൂഫ് പാലക്കാട് കാര്‍ ഉപേക്ഷിച്ച ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത് പോലീസിനെ കുഴപ്പിച്ചു. തുടര്‍ന്ന് കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവടങ്ങളിലായി വ്യാപിപ്പിച്ച അന്വേഷണം ഏകോപിപ്പിച്ചത് ഓപ്പറേഷന്‍ നവംബര്‍ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പായിരുന്നു. ലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ രഹസ്യാന്വേഷണം നടത്തിയും സിസിടിവി പരിശോധിച്ചും വിവരങ്ങള്‍ ശേഖരിച്ചു.
കൊല നടന്നതിന്റെ പിറ്റേന്ന് പാലക്കാട് കണ്ടെത്തിയ കാറാണ് ആദ്യ സൂചന നല്‍കിയത്. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതി ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് പോകുന്നതായി മനസിലാക്കി. കൊലയ്ക്കുശേഷം വസ്ത്രം മാറ്റിയും മീശവടിച്ചും രൂപം മാറി പ്രതി റെയില്‍വെ സ്റ്റേഷനിലെത്തിയതായി കണ്ടെത്തി.
Also Read: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്ന ആവശ്യം നിരസിച്ചു; യുവാവിന്റെ ആക്രമണത്തില്‍ തലയ്ക്ക് കല്ലുകൊണ്ട് അടിയേറ്റ പിതാവ് മരിച്ചു
കര്‍ണാടകയില്‍ നിന്ന് രണ്ടുതവണ ലഭിച്ച മൊബൈല്‍ ലൊക്കേഷന്റെ സമയം പാലക്കാട് - ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനിന്റെ സമയവുമായി ഒത്തുനോക്കിയതോടെ യാത്ര ബംഗ്ലൂര്‍ക്കാണെന്ന നിഗമനത്തിലെത്തി. തുടര്‍ന്ന് നടക്കാവ് എസ്‌ഐ ബിനു മോഹന്റെ നേതൃത്വത്തില്‍ രണ്ടു ടീമുകള്‍ ബാംഗ്ലൂരില്‍ എത്തി. പോലീസ് ബാംഗ്ലൂരിലുണ്ടെന്നറിഞ്ഞ പ്രതി ഫോണ്‍ പ്രവര്‍ത്തിപ്പിക്കാതെ വൈഫൈ ഉപയോഗിച്ചും വാട്‌സ്ആപ്പ് കോള്‍ ചെയ്തുമാണ് കാര്യങ്ങള്‍ അറിഞ്ഞിരുന്നത്. ബാംഗ്ലൂരില്‍ മുറിയെടുത്ത് ടിവി വാര്‍ത്തകള്‍ കണ്ട് അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചു. തന്റെ ഫോട്ടോ പതിച്ച ലുക്ക്ഔട്ട് പുറത്തിറക്കിയത് കണ്ടതോടെ ആരെങ്കിലും തിരിച്ചറിയുമെന്ന് ഭയന്ന് തമിഴ്‌നാട്ടിലേക്ക് കടന്നു.
ദക്ഷിണ കന്നഡ സ്വദേശിയുട സിം സംഘടിപ്പിച്ച് തമിഴ്‌നാട്ടിലേക്ക് നീങ്ങിയ പ്രതി ചെന്നൈ ആവഡിയിലെ ഹോട്ടലുമായി ബന്ധപ്പെട്ടത് പോലീസ് കണ്ടെത്തി. ഗൂഗിള്‍ വഴി ഹോട്ടലിനെക്കുറിച്ച് സകല വിവരവും ശേഖരിച്ചു. പോലീസ് സംഘം ഹോട്ടല്‍ വളഞ്ഞപ്പോള്‍ സനൂഫ് മുറിയിലെ ടിവിയില്‍ ക്രൈം വാര്‍ത്തകള്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ഒരു പഴുതുപോലും നല്‍കാതെ സനൂഫിനെ അന്വേഷണ സംഘം പിടികൂടി. പിന്നാലെ സനൂഫ് പോലീസിനോട് കുറ്റസമ്മതം നടത്തി.
മരിച്ച ഫസീല ഒറ്റപ്പാലത്ത് തനിക്കെതിരെ ബലാല്‍സംഗ കേസ് നല്‍കിയതും രണ്ടരമാസം റിമാന്‍ഡിലായതുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. കേസ് പറഞ്ഞ് തീര്‍ത്ത് കരാര്‍ എഴുതണം എന്നു പറഞ്ഞാണ് സനൂഫ് യുവതിയെ മുറിയിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് യുവതിയുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും മുഖത്ത് അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊല്ലുകയുമായിരുന്നു. കോഴിക്കോട് ടൗണ്‍ എസിപി അഷറഫിന്റെ മേല്‍നോട്ടത്തില്‍ നടക്കാവ് ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.