NEWSROOM

വേഗതയെ സ്നേഹിച്ച് മരണത്തിലേക്ക് വേഗത്തിൽ കുതിച്ച രാജകുമാരൻ; പോൾ വാക്കറുടെ ഓർമകൾക്ക് പതിനൊന്ന് വയസ്

ഫാസ്‌റ്റ് ആൻഡ് ഫ്യൂരിയസ് താരം പോൾ വാക്കറുടെ വിയോഗം, ഇന്നും ആ നടൻ തീർത്ത ശൂന്യതയുടെ ആഴമോർപ്പിക്കുന്നു

Author : ന്യൂസ് ഡെസ്ക്

വേഗതയെ സ്നേഹിച്ച് മരണത്തിലേക്ക് വേഗത്തിൽ കുതിച്ച അമേരിക്കൻ നടൻ പോള്‍‌ വാക്കറുടെ പതിനൊന്നാം ചരമ വാർഷികമാണ് ഇന്ന്. ഫാസ്‌റ്റ് ആൻഡ് ഫ്യൂരിയസ് താരം പോൾ വാക്കറുടെ വിയോഗം, ഇന്നും ആ നടൻ തീർത്ത ശൂന്യതയുടെ ആഴമോർപ്പിക്കുന്നു.

വേഗത എന്നെ മരണത്തിലേയ്ക്കു നയിക്കുകയാണെങ്കിൽ ഞാൻ ചിരിച്ചുകൊണ്ടാവും മരണത്തെ വരിക്കുക. ആ വാക്കുകൾ അറം പറ്റിയതു പോലെ തന്നെ സംഭവിച്ചു. പതിനൊന്നു വർഷങ്ങൾക്ക് മുമ്പ് ഇതുപോലൊരു ശനിയാഴ്ച ദിവസം. തണുപ്പ് നിറഞ്ഞ നവംബറിൽ, തൻ്റെ ആരാധകരെ ദു:ഖത്തിൻ്റെ അഗാധതയിലേക്കു തള്ളിവിട്ട് വെള്ളിത്തിരയിലെ വേഗതയുടെ രാജകുമാരൻ അതിവേഗം യാത്രയായി.

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിനിമകളാണ് പോൾ വാക്കർ എന്ന അമേരിക്കൻ നടന് ലോകത്താകമാനം ആരാധകരെ സൃഷ്ടിച്ചത്. അത് താരപ്രഭയിൽ നിന്ന് മാത്രം ഉരുത്തിരിഞ്ഞ ആരാധനയായിരുന്നില്ല. നടനെന്നതിലുപരി ഒരു സാധാരണ മനുഷ്യൻ നേടിയെടുത്ത ഇഷ്ടങ്ങളായിരുന്നു. പതിവു നായകസങ്കൽപ്പം പോലെ അയാൾ മസിൽ പെരുപ്പിച്ച് നടന്നില്ല, വിവാദങ്ങളോടൊന്നും കൂട്ടുകൂടിയില്ല. പലപ്പോഴും ഗൗരവ ഭാവമായിരിക്കും. അധികം സംസാരിക്കുന്ന പ്രകൃതമല്ല. എങ്കിലും നിഷ്കളങ്കമായ ചിരി ആ മുഖത്ത് എന്നും തെളിഞ്ഞു നിന്നു.

പിച്ചവെച്ച് നടക്കുന്ന കാലത്ത് പരസ്യത്തിൽ അഭിനയിച്ച് കാമറക്കു മുന്നിലെത്തിയതാണ് പോള്‍ വാക്കര്‍. ടെലിവിഷൻ ഷോയിലേക്ക് എത്തിയപ്പോൾ ആദ്യ കാലത്ത് കോമഡി റോളുകളായിരുന്നു. 1986ൽ പുറത്തിറങ്ങിയ ഹൊറർ കോമഡി ചിത്രം, മോണ്‍സ്റ്റര്‍ ഇന്‍ ദ ക്ലോസറ്റിലൂടെ വെള്ളിത്തിരയിലേക്കെത്തി. എങ്കിലും ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് എന്ന ചലച്ചിത്ര പരമ്പരയിലൂടെയാണ് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുന്നത്.

താരപ്രഭയുടെ ഉന്നതിയിൽ നിൽക്കുമ്പോഴും അഭിനയിച്ചു കിട്ടുന്ന തുകയിൽ വലിയൊരു ഭാഗം പാവപ്പെട്ടവര്‍ക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും വേണ്ടി ചിലവഴിച്ചു. റീച്ച് ഔട്ട് വേള്‍ഡ് വൈഡ് എന്ന ജീവകാരുണ്യ സംഘടന രൂപപ്പെട്ടതും ആ സേവന സന്നദ്ധതയിൽ നിന്നുമായിരുന്നു.

2013 നവംബർ 30, ഫിലിപ്പൈന്‍സ് ചുഴലിക്കാറ്റിന് ഇരയായവരെ സഹായിക്കാന്‍ വേണ്ടി നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു പോൾ വാക്കർ. അതിവേഗ കാറുകളെ തൻ്റെ നിയന്ത്രണത്തിലാക്കിയ ആ നീലക്കണ്ണുള്ള വേഗതയുടെ രാജകുമാരൻ്റെ കാറ് അന്ന് അപകടത്തില്‍പ്പെട്ടു. റോഡരികിലെ വിളക്കുകാലിൽ ഇടിച്ച കാർ കത്തിയമർന്നു. നാൽപ്പതാം വയസിൽ, വീണ്ടും ഒരു റൈഡിന് അവസരമൊരുക്കാതെ, തന്നെ സ്നേഹിക്കുന്നവരെ കണ്ണീരിലാഴ്ത്തി പോൾ വാക്കർ എന്നന്നേക്കുമായി യാത്രയായി.

ഫ്യൂരിയസ് സെവൻ അഭിനയിച്ച് പൂർത്തിയാക്കുന്നതിനു മുമ്പാണ് പോൾ വാക്കർ മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തോടുള്ള ആദരവായി ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ സീ യൂ എഗെയ്ൻ എന്ന ഗാനവും പിന്നീട് പുറത്തിറക്കിയിരുന്നു.

SCROLL FOR NEXT