NEWSROOM

മലപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവം; സൗന്ദര്യമില്ലെന്നും സ്ത്രീധനം കുറവെന്നും പറഞ്ഞ് ഭർത്താവ് പീഡിപ്പിച്ചിരുന്നതായി പിതാവ്

ആക്രമണങ്ങള്‍ക്ക് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൂട്ട് നിന്നെന്നും വിഷ്ണുജയുടെ പിതാവ് ആരോപിക്കുന്നു.

Author : ന്യൂസ് ഡെസ്ക്


മലപ്പുറം എളങ്കൂരില്‍ യുവതി ഭര്‍തൃ വീട്ടില്‍ ജീവനൊടുക്കിയ ചെയ്ത സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെ (25) ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷ്ണുജയ്ക്ക് സൗന്ദര്യം കുറവാണെന്നും സ്ത്രീധനം നല്‍കിയത് കുറവാണെന്നും ജോലി ഇല്ലെന്നും വിമർശിച്ച് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചെന്നാണ് കുടുംബത്തിന്റെ പരാതി.



ആക്രമണങ്ങള്‍ക്ക് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൂട്ട് നിന്നെന്നും വിഷ്ണുജയുടെ പിതാവ് ആരോപിക്കുന്നു. ഭര്‍ത്താവിനും കുടുംബത്തിനും എതിരെ നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.

"കടുത്ത പീഡനം നേരിട്ടിരുന്നുവെന്ന് കൂട്ടുകാരികളും മറ്റും പറയുമ്പോഴാണ് ഞങ്ങള്‍ ഓരോന്നായി അറിയുന്നത്. വിഷ്ണുജയ്ക്ക് ജോലി ഇല്ല. കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ഭര്‍ത്താവ് പറഞ്ഞു, എന്റെ ജോലി കണ്ട് നീ എന്റെ കൂടെ വരേണ്ടെന്നും സ്വന്തമായി ഒരു ജോലി വാങ്ങിക്കണമെന്നും. അതിന് അവള്‍ കഠിനാധ്വാനം ചെയ്യുകയായിരുന്നു. മകള്‍ക്ക് സൗന്ദര്യം പോര, തടി ഇല്ല, അവളെ ബൈക്കില്‍ കൂടി കയറ്റി കൊണ്ടുപോകുമായിരുന്നില്ല. കല്യാണം കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും അവളെ എവിടെയും ടൂറിന് പോലും കൊണ്ടുപോയിട്ടില്ല," പിതാവ് പറഞ്ഞു.



വിഷ്ണുജ ഭര്‍തൃവീട്ടില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്ന് ചെറുതായി സൂചന ലഭിച്ചപ്പോള്‍ തന്നെ, താന്‍ ഇടപെടണോ എന്ന് ചോദിച്ചതാണെന്നും എന്നാല്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ടെന്ന് മകള്‍ തന്നെ അന്ന് പറയുകയായിരുന്നു എന്നും പിതാവ് പറഞ്ഞു.



മകള്‍ മരിച്ച ദിവസം അവള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് എന്നെ വിളിച്ച് വരുത്തിയത്. എന്നാല്‍ എത്തിയപ്പോള്‍ അവള്‍ മരിച്ച് കിടക്കുന്നതാണ് കണ്ടത്. അവള്‍ ജനലില്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടതെന്നും പിതാവ് പറയുന്നു. 2023 മെയ് മാസത്തിലാണ് വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT