ഒന്നര വയസുള്ള മകളെ അമ്മ ലൈംഗികമായി പീഡിച്ചിച്ചെന്ന് പരാതി. കുട്ടിയുടെ അച്ഛനാണ് അമ്മയ്ക്കെതിരെ പരാതി നൽകിയത്. അമ്മയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പോക്സോ കേസ് തെറ്റെന്ന് തെളിഞ്ഞാൽ അച്ഛനെതിരെ നടപടി വേണമെന്നും ഹൈക്കോടതി നിർദേശിച്ചു.
കൊടുങ്ങല്ലൂർ പൊലീസാണ് ഭാര്യ മകളെ പീഡിപ്പിച്ചെന്ന ഭർത്താവിന്റെ പരാതിയിൽ കേസെടുത്തത്. മുലകുടി മാറാത്ത കുഞ്ഞിനെ സ്വന്തം അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത പൊലീസ് നടപടിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ആശ്ചര്യം പ്രകടിപ്പിച്ചു. വൈവാഹിക തർക്കം നാടിന് നാണക്കേടുണ്ടാക്കുന്ന തരത്തിലായെന്നും കോടതി നിരീക്ഷിച്ചു. പോക്സോ കേസിൽ യുവതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
ഹർജിക്കാരിയും ഭർത്താവും തമ്മിൽ വൈവാഹിക തർക്കത്തിന് പുറമെ കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ച കേസും നിലവിലുണ്ട്. ഇതിനിടയിലാണ് കുട്ടിക്ക് നേരെ യുവതിയിൽ നിന്ന് ലൈംഗികാതിക്രമം ഉണ്ടായെന്ന് ഭർത്താവ് പരാതി നൽകിയത്. നേരത്തെ പുരുഷൻമാർക്ക് നേരെയുള്ള ലൈംഗികാതിക്രമ പരാതികൾ വ്യാജമാണെന്ന് കണ്ടാൽ സ്ത്രീകൾക്കെതിരെ നടപടി ഉണ്ടാകണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചിരുന്നു. ഇത് വ്യാജപരാതികൾ ഉന്നയിക്കുന്ന പുരുഷൻമാർക്കും ബാധകമാണെന്ന് കോടതി വ്യക്തമാക്കി.
സ്ത്രീ പരാതി ഉന്നയിച്ചതെന്നത് കൊണ്ട് മാത്രം ആരോപണങ്ങളെല്ലാം സത്യമാകണമെന്നില്ലെന്നും പരാതികളിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നുമായിരുന്നു നേരത്തെ ഹൈക്കോടതി നിരീക്ഷണം. ചില സ്ത്രീകൾ ഗുരുതരമായ ലൈംഗികാരോപണങ്ങൾ നിരപരാധികൾക്കെതിരെ ഉന്നയിക്കുന്ന പ്രവണതയുണ്ടെന്നും പരാതികളിൽ മറുഭാഗത്തിന് പറയാനുള്ളത് കേൾക്കാതിരിക്കരുതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞിരുന്നു.