എഫ്ബിഐ 
NEWSROOM

ട്രംപിനു നേരെയുള്ള വധശ്രമം: അക്രമകാരണം കണ്ടെത്താനാകാതെ എഫ്ബിഐ

കാറില്‍ നിന്ന് ബോംബ് നിർമ്മാണ സാമഗ്രികള്‍ അടക്കം കണ്ടെടുത്ത പശ്ചാത്തലത്തില്‍ ഭീകര സംഘടനകളുമായുള്ള ബന്ധവും പരിശോധിച്ചുവരികയാണ്

Author : ന്യൂസ് ഡെസ്ക്

മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ആക്രമിക്കപ്പെട്ട് ഒരു ദിവസം പിന്നിടുമ്പോഴും അക്രമണത്തിന് പിന്നിലെ ഉദ്ദേശം കണ്ടെത്താനുള്ള ശ്രമത്തിലാണ് യുഎസ് രഹസ്യാന്വേഷണ സംഘമായ എഫ്ബിഐ. സുരക്ഷാസേനയുടെ സ്നൈപ്പർ അറ്റാക്കില്‍ കൊല്ലപ്പെട്ട തോമസ് മാത്യൂ ക്രൂക്സ് (20) ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും എഫ്ബിഐ പറയുന്നു. കാറില്‍ നിന്ന് ബോംബ് നിർമാണ സാമഗ്രികള്‍ അടക്കം കണ്ടെടുത്ത പശ്ചാത്തലത്തില്‍ ഭീകര സംഘടനകളുമായുള്ള ബന്ധവും പരിശോധിച്ചുവരികയാണ്.

കൊല്ലപ്പെട്ട തോമസ് ക്രൂക്ക്സിന്‍റെ രാഷ്ട്രീയ പശ്ചാത്തലത്തിലും ദുരൂഹത തുടരുകയാണ്. പെൻസിൽവാനിയയിൽ റിപ്പബ്ലിക്കൻ വോട്ടറായി രജിസ്റ്റർ ചെയ്തതായി രേഖകള്‍ കാണിക്കുമ്പോഴും, 2021 ജനുവരി 20-ന് ഡെമോക്രാറ്റിക് പാർട്ടി ഫണ്ടിലേക്ക് ഇയാള്‍ 15 ഡോളർ സംഭാവന ചെയ്തതായും കണ്ടെത്തി. ഇയാളുടെ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും രാഷ്ട്രീയ ചായ്‌വ് വ്യക്തമാകുന്ന പോസ്റ്റുകളോ തെളിവുകളോ ഇതുവരെ കണ്ടെത്താനായിട്ടില്ല.

അതേസമയം, പ്രചരണജാഥയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കടുത്ത സുരക്ഷവീഴ്ചയുണ്ടായെന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണസംഘത്തിന്‍റെ വിവരണം. ട്രംപ് പ്രസംഗിച്ചിരുന്ന വേദിക്ക് സമീപത്തുള്ള കെട്ടിടത്തില്‍ തോമസ് ക്രൂക്ക്സിനെ തോക്കുമായി കണ്ടതായി ചിലർ ലോക്കല്‍ പൊലീസില്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഇതനുസരിച്ച് രണ്ടു പൊലീസുകാർ സ്ഥലത്തെത്തിയെങ്കിലും ഇവരെ അക്രമി തോക്കുചൂണ്ടി തിരിച്ചയച്ചു. പിന്നാലെയാണ് രഹസ്യാന്വേഷണ സേന അക്രമിയെ കൊല്ലുന്നത്. അതിനകം അക്രമി മൂന്ന് റൌണ്ട് വെടിയുതിർത്ത് കഴിഞ്ഞിരുന്നു. അക്രമത്തില്‍ ട്രംപിന് സമീപമുള്ള ഒരാള്‍ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് റാലിക്ക് നേരെയുണ്ടായ തുറന്ന ആക്രമണത്തില്‍ സുരക്ഷാ വീഴ്ച കൂടി പുറത്തുവരുന്നതോടെ, ബൈഡന്‍റെ ജയസാധ്യതയ്ക്ക് കൂടുതൽ മങ്ങലേല്‍ക്കുകയാണ്.

SCROLL FOR NEXT