NEWSROOM

സബ് കമ്മിറ്റികൾ രൂപീകരിക്കാൻ ഫെഫ്കയ്ക്ക് അവകാശമുണ്ട്; ഫിലിം ചേംബറിനെ തള്ളി ഫെഫ്ക

വനിതകൾക്കായി കോർ കമ്മിറ്റി രൂപികരിച്ച നടപടി ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന ഫിലിം ചേംബറിൻ്റെ വാദം അപക്വമാണെന്ന് ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

സിനിമയിലെ സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയ നടപടിയെ വിമര്‍ശിച്ച ഫിലിം ചേംബറിനെ തള്ളി ഫെഫ്ക. ഫെഫ്ക രൂപീകരിച്ച കോർ കമ്മിറ്റി സ്ഥിരം സംവിധാനമാണ്.വനിതകൾക്കായി കോർ കമ്മിറ്റി രൂപികരിച്ച നടപടി ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന ഫിലിം ചേംബറിൻ്റെ വാദം അപക്വമാണെന്ന് ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കും തർക്കപരിഹാരത്തിനും സബ് കമ്മിറ്റികൾ രൂപീകരിക്കാൻ ഫെഫ്കയ്ക്ക് അവകാശമുണ്ട്.

ഐസിസികൾ ഉണ്ടായിരിക്കെ വനിതകളുടെ കോർ കമ്മിറ്റി രൂപീകരിച്ച തീരുമാനത്തിന് നിയമസാധുത ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഫിലിം ചേംബർ നേരത്തെ ഫെഫ്കയ്ക്കെതിരെ
രംഗത്തെത്തിയിരുന്നു. ഫിലിം ചേംബറിൻ്റെ മേൽനോട്ടത്തിൽ എല്ലാ സെറ്റുകളിലും ഇൻ്റേണൽ കംപ്ലയിൻ്റ് കമ്മിറ്റി രൂപീകരിക്കുന്നുണ്ട്. ഇതിനു പുറമേയാണ് ഫെഫ്ക സ്വന്തം നിലയിൽ ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തിയത്. ഇതിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് ഫിലിം ചേംബർ കത്ത് നൽകിയത്.

ഫെഫ്കയുടെ മറുപടി

സെപ്റ്റംബർ പന്ത്രണ്ടാം തീയതി , ഫെഫ്ക നടത്തിയ പത്രസമ്മേളനത്തിൽ, ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ വിശദമായ അവലോകനവും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്ലാൻ ഓഫ് ആക്ഷനും അവതരിപ്പിച്ചിരുന്നു. ആ റിപ്പോർട്ട് തയ്യാറാക്കിയത് തന്നെ 21 യൂണിയനുകളുടെ ഭരണ സമിതികൾ, അംഗസംഘടനകളിലെ വനിതാ പ്രതിനിധികളുടെ കൂട്ടായ്മ എന്നിവരുമായി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ്. അവലോകന യോഗങ്ങളിൽ പങ്കെടുത്ത സ്ത്രീകളുടെ മുഖ്യ ആവശ്യത്തെ മുൻനിറുത്തി, അവലോകന രേഖയിലെ പ്രധാന നിർദേശങ്ങളിൽ ഒന്ന് സദാസമയവും പ്രവർത്തിക്കുന്ന CORE COMMITTEE FOR WOMEN IN FEFKA രൂപീകരിക്കണം എന്നതായിരുന്നു. ഫെഫ്കയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങൾ അവർക്ക് അതാത് യൂണിയൻ ജനറൽ സെക്രട്ടറിമാരെ അറിയിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയാണ്, അഞ്ചിൽ കുറയാത്ത സ്ത്രീകളെ ഉൾപ്പെടുത്തി ഒരു കോർ കമ്മിറ്റി രൂപീകരിച്ചതും, വിശകലന രേഖയോടൊപ്പമുള്ള Plan of Action-ൽ പറഞ്ഞതു പ്രകാരം സെപ്റ്റംബർ 25 മുതൽ നിലവിൽ വന്നതും.

എന്നാൽ ഫെഫ്കയുടെ ഈ നടപടിയെ വിമർശിച്ചും കുറ്റപ്പെടുത്തിയും കേരള ഫിലിം ചേമ്പർ ഇപ്പോൾ രംഗത്ത് വരികയും, ഈ തീരുമാനത്തെ അപലപിച്ചുകൊണ്ട് സർക്കാരിലേക്ക് കത്ത് അയയ്ക്കുകയും ചെയ്തതായി അറിയുന്നു. ഇതിന് ഒരു വിശദീകരണം നൽകുകയാണ്. തൊഴിൽ ദാതാവ് എന്ന നിലയിൽ നിർമാതാവാണ് I C C രൂപീകരിക്കേണ്ടതും നടപ്പിലാക്കേണ്ടതും. ഫെഫ്ക എന്ന തൊഴിലാളി സംഘടന ഏറ്റവും ജാഗ്രതയോടു കൂടി ആ കാര്യത്തിൽ തൊഴിൽ ദാതാവിന് വേണ്ട സഹായസഹകരണങ്ങൾ ചെയ്യുന്നുമുണ്ട്. I C C രൂപീകരിക്കാത്ത നിർമ്മാണ സംരംഭങ്ങളിൽ ഫെഫ്ക അംഗങ്ങൾ സഹകരിക്കുകയില്ല എന്നും പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഓരോ I C C യും രൂപീകരിക്കുന്നത് അതത് സിനിമകൾക്ക് മാത്രമായാണ്. എന്നാൽ ഫെഫ്ക രൂപീകരിച്ചിട്ടുള്ള CORE COMMITTEE FOR WOMEN IN FEFKA ഒരു സ്ഥിരം സംവിധാനമാണ്. കോർ കമ്മിറ്റിയിലേക്ക് വരുന്ന പരാതികളിൽ, ട്രേഡ് യൂണിയനുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഒഴികെയുള്ളവ, പരാതിയുണ്ടായ തൊഴിലിടത്തിലെ I C C യിൽ ചർച്ച ചെയ്ത് മാത്രമേ തീർപ്പാക്കുകയുള്ളൂ എന്ന നിർദേശം വനിതകളുടെ കോർ കമ്മിറ്റിയ്ക്ക് കൊടുത്തിട്ടുള്ളതും, മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിട്ടുള്ളതുമാണ്.
ഈ വിവരം, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയേയും, ഫിലിം ചേമ്പർ രൂപീകരിച്ചിട്ടുള്ള മോണിറ്ററിങ്ങ് കമ്മിറ്റിയിലെ നിർമാതാക്കളുടെ വനിതാ പ്രതിനിധിയേയും നേരിട്ടറിയിച്ചതുമാണ്.

കേരളത്തിലെ ബഹു: വനിതാ കമ്മീഷൻ,എല്ലാ സെറ്റുകളിലും I C C കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി ചലച്ചിത്ര രംഗത്തെ സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തികൊണ്ടുള്ള I C C മോണിറ്ററിംഗ് കമ്മിറ്റിയ്ക്ക് രൂപം കൊടുക്കാനാണ് കേരള ഫിലിം ചേംബറിനോട് നിർദേശിച്ചത്. അതനുസരിച്ച് ഓരോ സിനിമാ സംഘടനയിൽ നിന്നും മൂന്നു പേരെ വീതം നിയോഗിച്ച് ഒരു കമ്മറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. അത് സർക്കാർ നിയോഗിച്ച കമ്മിറ്റി അല്ല. ബഹു: വനിതാ കമ്മീഷന്റെ നിർദേശപ്രകാരം ചിത്രീകരണം നടക്കുന്ന സിനിമകളിൽ I C C സംവിധാനം കാര്യക്ഷമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് രൂപംകൊടുത്ത കമ്മിറ്റി മാത്രമാണ്.

സത്യം ഇതാണെന്നിരിക്കെ, ഫെഫ്ക വലിയ പാതകം ചെയ്തു എന്ന നിലയിലുള്ള പ്രസ്താവനകൾ അപക്വമാണ്. തൊഴിലാളികളുടെ സംരക്ഷണത്തിനും, ക്ഷേമ പ്രവർത്തനങ്ങൾക്കും, തർക്ക പരിഹാരങ്ങൾക്കും ഏതു രൂപത്തിലുമുള്ള സബ് കമ്മിറ്റികൾ രൂപീകരിക്കാനും ട്രേഡ് യൂണിയൻ ആയ ഫെഫ്കക്ക് അവകാശമുണ്ട്. സ്ത്രീകൾക്ക് വേണ്ടി രൂപീകരിച്ച ഈ കോർ കമ്മിറ്റിയുടെ പ്രവർത്തനം ഏറ്റവും ശക്തമായി തുടരാനാണ് ഫെഫ്ക ഉദ്ദേശിക്കുന്നത്. അതിന് മറ്റൊരു സംഘടനയുടേയും അനുമതി ഫെഫ്കയ്ക്ക് ആവശ്യമില്ല. ഹേമാ കമ്മിറ്റി റിപ്പോർട്ടിനോട് ഏറ്റവും ക്രിയാത്മകമായി പ്രതികരിച്ച സംഘടനയാണ് ഫെഫ്ക. ഫെയ്കയുടെ വിശകലന രേഖയിൽ അക്കമിട്ടു പറയുന്ന കാര്യങ്ങൾ മുഴുവനും തൊഴിൽ ദാതാവായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി സഹകരിച്ചുകൊണ്ട് നടപ്പാക്കുക തന്നെ ചെയ്യും.

SCROLL FOR NEXT