NEWSROOM

നടപടിയെടുത്ത് ഫെഫ്ക; ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയ്ക്കും സസ്‌പെന്‍ഷന്‍

സമീര്‍ താഹിറിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റില്‍ നിന്നാണ് സംവിധായകരെ കസ്റ്റഡിയിലെടുത്തത്. സമീറിന്റെ അറിവോടെയാണോ കഞ്ചാവ് ഉപയോഗം എന്നതടക്കം എക്‌സൈസ് പരിശോധിക്കുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്‌റഫ് ഹംസയേയും പിടികൂടിയതോടെ നടപടിയെടുത്ത് ഫെഫ്ക. ഇരുവരേയും സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

കൊച്ചി ഗോശ്രീ പാലത്തിന് സമീപമുള്ള ഫ്‌ളാറ്റില്‍ ഇന്നലെ രാത്രി നടന്ന റെയ്ഡിലാണ് ഖാലിദ് റഹ്‌മാനേയും അഷ്‌റഫ് ഹംസയേയും എക്‌സൈസ് പിടികൂടിയത്. 1.50 ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്നും കണ്ടെത്തിയത്. കസ്റ്റഡയിലെടുത്ത ശേഷം ഇരുവരേയും ജാമ്യത്തില്‍ വിട്ടു. ഇവര്‍ക്കൊപ്പം ഷാലിഫ് മുഹമ്മദ് എന്നയാളും പിടിയിലായിരുന്നു.

ഛായാഗ്രാഹകനും സംവിധായകനുമായ സമീര്‍ താഹിറിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റില്‍ നിന്നാണ് സംവിധായകരെ കസ്റ്റഡിയിലെടുത്തത്. സമീറിന്റെ അറിവോടെയാണോ കഞ്ചാവ് ഉപയോഗം എന്നതടക്കം എക്‌സൈസ് പരിശോധിക്കുന്നുണ്ട്. ഇതിനായി സമീര്‍ താഹിറിനെ ചോദ്യം ചെയ്യും. തെളിവ് ലഭിച്ചാല്‍ പ്രതി ചേര്‍ക്കുമെന്നും പൊലീസ് അറിയിച്ചു.

ആരാണ് ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയതെന്നും അന്വേഷിക്കുന്നുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന. എക്‌സൈസ് പരിശോധനയ്ക്ക് എത്തുമ്പോള്‍ സംവിധായകര്‍ കഞ്ചാവ് ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന തിയേറ്ററില്‍ സൂപ്പര്‍ഹിറ്റായി ഓടുന്നതിനിടയിലാണ് കഞ്ചാവ് കേസില്‍ അറസ്റ്റ്. അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, തല്ലുമാല, ലൗ എന്നീ ഖാലിദ് ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. തമാശ, ഭീമന്റെ വഴി, സുലൈഖ മന്‍സില്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ.

SCROLL FOR NEXT