NEWSROOM

ഇരട്ടകളുടെ ദിനം; നൈജീരിയയില്‍ വ്യത്യസ്തമായ ആഘോഷം സംഘടിപ്പിച്ച് യുനെസ്‍കോ

നൈജീരിയയിലെ ഇഗ്ബോ-ഓറ ഈ ഉത്സവത്തിന് വേദിയാകുന്നതിന് പിന്നിലും കൗതുകകരമായ ഒരു കാരണമുണ്ട്

Author : ന്യൂസ് ഡെസ്ക്

ഒക്ടോബർ 11 മുതല്‍ 14 വരെയുള്ള അഞ്ച് ദിവസങ്ങള്‍ ഇരട്ടക്കുട്ടികളുടെ ദിനങ്ങളായാണ് യുനെസ്കോ ആചരിക്കുന്നത്. ഈ വർഷവും പതിവുപോലെ നൈജീരിയിലെ ഇഗ്ബോ-ഓറ പട്ടണത്തില്‍ പാട്ടും മേളവുമായി ഇരട്ടകൾ ഒത്തുകൂടി. പല പ്രായത്തിലുള്ളവർ ജോഡികളായി ഒന്നിച്ചുനിന്ന് ഫോട്ടോകളെടുത്തു. നൈജീരിയയിലെ ഇഗ്ബോ-ഓറ ഈ ഉത്സവത്തിന് വേദിയാകുന്നതിന് പിന്നിലും കൗതുകകരമായ ഒരു കാരണമുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന ഇരട്ടക്കുട്ടി ജനനനിരക്കുള്ള മേഖലകളിലൊന്നാണ് തെക്കു പടിഞ്ഞാറന്‍ നൈജീരിയയിലെ ഇഗ്ബോ-ഓറ. പട്ടണത്തിലെ യൊറുബ ഗോത്രത്തില്‍ ഒരു കുടുംബത്തില്‍ ഒരു ജോഡി ഇരട്ടകളെങ്കിലും ഉണ്ടാകുമെന്നാണ് കണക്ക്. ഇരട്ടക്കുട്ടികളില്‍ ആദ്യം ജനിക്കുന്നയാളെ 'തായ്‌വോ' എന്നും രണ്ടാമത്തെയാളെ 'കെഹിന്ദേ' എന്നുമാണ് വിളിക്കുന്നത്. ഇഗ്ബോ-ഓറയിലെ വിശ്വാസമനുസരിച്ച് രണ്ടാമത് ജനിക്കുന്ന കെഹിന്ദേയാണ് മൂത്ത കുട്ടിയായി പരിഗണിക്കപ്പെടുന്നത്.

Also Read: 500 വർഷം നീണ്ടു നിന്ന നിഗൂഢത; കൊളംബസ് ജൂതൻ ആയിരുന്നെന്ന് ഡിഎൻഎ പരിശോധനയിലൂടെ കണ്ടെത്തി ശാസ്ത്രജ്ഞർ

ആഫ്രിക്കയില്‍ ഒക്ര എന്ന് അറിയപ്പെടുന്ന നമ്മുടെ നാട്ടിലെ വെണ്ടയുടെ ഇലയും നെല്ലിക്കയും ചേനയും കപ്പയും ഒക്കെ ചേരുന്ന പ്രാദേശിക വിഭവങ്ങളാണ് ഈ ഇരട്ടക്കുട്ടി പ്രതിഭാസത്തിന് പിന്നിലെന്നാണ് പ്രദേശവാസികള്‍ വിശ്വസിക്കുന്നത്. എന്നാല്‍ മേഖല കേന്ദ്രീകരിച്ച് നടത്തിയിട്ടുള്ള നിരവധി ഗവേഷങ്ങളില്‍ നിന്ന് ജനിതക ഘടകങ്ങളിലേക്ക് ശാസ്ത്രം വിരല്‍ചൂണ്ടുന്നു. 1970-ൽ ഒരു ബ്രിട്ടീഷ് ഗൈനക്കോളജിസ്റ്റ് നടത്തിയ പഠനത്തിൽ തെക്കുപടിഞ്ഞാറൻ നൈജീരിയയില്‍ 1,000 കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 50 ജോഡി ഇരട്ടകളെങ്കിലും ഉണ്ടാകുമെന്നാണ് കണ്ടെത്തിയത്.

SCROLL FOR NEXT