2025ലെ ഫിഫ ക്ലബ് ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്ക് ആകെ ഒരു ബില്ല്യൺ യുഎസ് ഡോളർ സമ്മാനത്തുകയായി വിതരണം ചെയ്യുമെന്ന് ലോക ഫുട്ബോൾ ഭരണ സമിതിയായ ഫിഫ. 32 ടീമുകളുള്ള ഫിഫ ക്ലബ് വേൾഡ് കപ്പിന്റെ ആദ്യ പതിപ്പ് 2025 ജൂൺ മുതൽ ജൂലൈ വരെ യുഎസിൽ നടക്കും. ഫിഫയുടെ പുതിയ ഫ്ലാഗ്ഷിപ്പ് ടൂർണമെന്റ് മൂന്ന് ബില്ല്യൺ യുഎസ് ഡോളർ വരുമാനം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വരുമാനത്തിൽ ഒരു ബില്ല്യൺ ഡോളർ പങ്കെടുക്കുന്ന ക്ലബ്ബുകൾക്ക് വിതരണം ചെയ്യുമെന്നും ബാക്കി തുക ലോകമെമ്പാടും ക്ലബ് ഫുട്ബോളിനായി നടക്കുന്ന സോളിഡാരിറ്റി പ്രവർത്തനങ്ങൾക്ക് സംഭാവനയായി നൽകുമെന്നും ഫിഫ അറിയിച്ചു. "ഫിഫ ക്ലബ് വേൾഡ് കപ്പ്, ക്ലബ് ഫുട്ബോളിന്റെ പരകോടി മാത്രമല്ല, മറ്റൊരു ടൂർണമെന്റിലും ഇതുവരെ ചെയ്തിട്ടില്ലാത്ത അളവിൽ ക്ലബ്ബുകൾക്ക് വലിയ തോതിൽ പ്രയോജനം ചെയ്യുന്ന ഐക്യദാർഡ്യത്തിന്റെ ഉജ്ജ്വല പ്രകടനവുമായിരിക്കും," ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ പറഞ്ഞു. ടൂർണമെന്റിൽ നിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും പങ്കെടുക്കുന്ന ക്ലബ്ബുകൾക്കും ലോകമെമ്പാടുമുള്ള ക്ലബ് സോളിഡാരിറ്റി വഴിയും വിതരണം ചെയ്യുമെന്നും ഫിഫ ഒരു ഡോളർ പോലും കൈവശം വയ്ക്കില്ലെന്നും ഗിയാനി വ്യക്തമാക്കി.
പുതിയ ഫിഫ വനിതാ ക്ലബ് വേൾഡ് കപ്പ് 2028ൽ നടക്കുമെന്നും ലോകത്തിലെ 19 മികച്ച ക്ലബ്ബുകൾ ഉൾപ്പെടുന്ന ഒരു മത്സര ഫോർമാറ്റാകും ഉണ്ടായിരിക്കുകയെന്നും ഫിഫ അറിയിച്ചു. ഇതിനുപുറമെ, 2031, 2035 വനിതാ ലോകകപ്പുകൾക്കുള്ള ബിഡ്ഡിംഗ് പ്രക്രിയയും ഫിഫ പ്രഖ്യാപിച്ചു. ആഫ്രിക്കയുമായും വടക്കേ അമേരിക്കയുമായും അഫിലിയേറ്റ് ചെയ്തിട്ടുള്ള അംഗങ്ങളായിട്ടുള്ള അസോസിയേഷനുകളെ 2031 പതിപ്പിനായി ബിഡ് ചെയ്യാനാണ് ക്ഷണിച്ചിരിക്കുന്നത്. അതേസമയം ആഫ്രിക്കൻ, യൂറോപ്യൻ അസോസിയേഷനുകളെ 2035 ടൂർണമെന്റിനായും ബിഡ് ചെയ്യാൻ ക്ഷണിച്ചു.