തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വൈദികനും വിശ്വാസികളും തമ്മിൽ അടിപിടി. കരിപ്രക്കോണം സിഎസ്ഐ പള്ളിയിൽ വിധവാ പെൻഷൻ ഫണ്ടിനെ ചൊല്ലിയുള്ള തർക്കമാണ് തമ്മിൽത്തല്ലിൽ കലാശിച്ചത്. വൈദികൻ്റെ മർദനത്തിൽ ഒരാളുടെ തലയ്ക്ക് മുറിവും, മറ്റൊരാളുടെ കൈയ്ക്ക് പൊട്ടലുമുണ്ടായെന്നാണ് പരാതി.
രാവിലെ 11 മണിയോടെയാണ് കരിപ്രക്കോണം സിഎസ്ഐ പള്ളിയിൽ വിധവാ പെൻഷൻ ഫണ്ടിനെ ചൊല്ലി തർക്കമാരംഭിച്ചത്. പള്ളിയിൽ നിന്ന് പണം അനുവദിക്കാത്തതിനാൽ രണ്ട് മാസമായി പെൻഷൻ മുടങ്ങിക്കിടക്കുകയാണ്. പുവർ ഫണ്ടിലേക്ക് ഫാദർ സെൽവരാജ് പണം അനുവദിക്കുന്നില്ലെന്ന് ആരോപണമാണ് തർക്കത്തിന്റെ തുടക്കം. ഫണ്ട് കൺവീനർ വിൽസണും വൈദികനുമായുള്ള വാക്കുതർക്കം പിന്നാലെ തമ്മിലടിയായി മാറി. ഫാദർ സെൽവരാജ് താക്കോൽ കൊണ്ട് തലകുത്തിപ്പൊട്ടിച്ചെന്ന് പരുക്കേറ്റ വിൽസൺ പറഞ്ഞു.
ALSO READ: ഓം പ്രകാശ് പ്രതിയായ ലഹരി കേസ്: ഒന്നാം പ്രതി ഷിഹാസിലേക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥനിലേക്കും അന്വേഷണം
ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ ഷിജു എന്നയാളെ വൈദികൻ കസേര കൊണ്ടടിച്ച് കൈ പൊട്ടിച്ചെന്നും പരാതിയുണ്ട്. സംഘർഷത്തിൽ ഫാദർ സെൽവരാജിനും, ഷൈജുവിനും പരുക്കേറ്റു. നാലുപേരെയും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.