NEWSROOM

രാജ്യത്തെ 92 ശതമാനം ശുചീകരണതൊഴിലാളികളും പട്ടികജാതി, പട്ടിവർഗ, ഒബിസി വിഭാഗക്കാർ; കഴിഞ്ഞ 5 വർഷത്തിനിടെ 377 മരണം

ശുചീകരണ പ്രവർത്തനങ്ങൾ ജാതി അടിസ്ഥാനത്തിലാകരുതെന്നും, തൊഴിലധിഷ്ഠിത പ്രവർത്തനമായിരിക്കണമെന്നും സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയിലെ ശുചീകരണതൊഴിലാളികളുടെ കണക്കുകൾ പുറത്ത്. ഇന്ത്യയിലെ ശുചീകരണ തൊഴിലാളികളിൽ 92 ശതമാനവും പട്ടികജാതി,പട്ടികവർഗ,ഒബിസി വിഭാഗക്കാരെന്നാണ് സർക്കാർ ഡാറ്റ വ്യക്തമാക്കുന്നത്. ഇതിൽ തന്നെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 377 ശുചീകരണതൊഴിലാളികൾ ജോലി ചെയ്യുന്നതിനിടയിൽ മരിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിന് ശുചീകരണ മേഖല യന്ത്രവത്കരിക്കാൻ സർക്കാർ തലത്തിൽ നീക്കം നടക്കുന്നുണ്ട്.

ഇന്ത്യൻ നഗരങ്ങളിലെ അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നവരിൽ മൂന്നിൽ രണ്ട് ഭാഗവും പട്ടികജാതി പട്ടികവർഗ, ഒബിസി വിഭാഗക്കാരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.രാജ്യത്ത് മുഴുവനായി 57,758 സ്പെസിഫിക് സ്കിൽഡ് വർക്കേഴ്സ് (എസ്എസ്‌ഡബ്ല്യു) പ്രൊഫൈലുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 37,060 പേർ എസ്‌സി വിഭാഗത്തിൽ നിന്നുള്ളവരും, 8,587 പേർ ഒബിസി വിഭാഗത്തിൽ നിന്നുള്ളവരും, 4,536 പേർ എസ്ടി വിഭാഗത്തിൽ നിന്നുള്ളവരുമാണ്. എട്ട് ശതമാനം മാത്രമാണ് പൊതു വിഭാഗക്കാർ. കണക്കുകൾ പുറത്തെത്തിയതോടെ, ശുചീകരണ പ്രവർത്തനങ്ങൾ ജാതി അടിസ്ഥാനത്തിലാകരുതെന്നും, തൊഴിലധിഷ്ഠിത പ്രവർത്തനമായിരിക്കണമെന്നും സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം അറിയിച്ചു.

2019 നും 2023 നും ഇടയിൽ, 377 ശുചീകരണതൊഴിലാളികൾക്കാണ് ജോലി ചെയ്യുന്നതിനിടെ ജീവൻ നഷ്ടമായയത്. ശുചീകരണ മേഖല യന്ത്രവൽക്കരിക്കുന്നത് പഠിക്കാൻ 2023 ൽ സർക്കാർ നമസ്തെ പദ്ധതിക്കു കീഴിൽ എസ്എസ്‌ഡബ്ല്യൂ സർവെ സർക്കാർ ആവിഷ്കരിച്ചിരുന്നു. ഈ സർവെയുടെ അടിസ്ഥാനത്തിലാണ് തൊഴിലാളികളുടെ വിവരങ്ങൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ശുചീകരണത്തൊഴിലാളികളുടെ സുരക്ഷ, അന്തസ്സ്, സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണം എന്നിവ ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് നമസ്തെ. പദ്ധതിയുടെ സെൻട്രൽ ഡാറ്റാബേസിലേക്ക് ഒഡീഷയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള എസ്എസ്‌ഡബ്ല്യു ഡാറ്റ സംയോജിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും മന്ത്രാലയം അറിയിച്ചു.

SCROLL FOR NEXT