NEWSROOM

ലൈംഗികാരോപണം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് രാജിവെക്കും

പൊലീസ് പ്രാഥമിക അന്വേഷണം നടത്താൻ തീരുമാനിച്ച സാഹചര്യത്തിലാണ് രാജി

Author : ന്യൂസ് ഡെസ്ക്

ലൈംഗിക ആരോപണത്തിനു പിന്നാലെ സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കും. സംവിധായകനെതിരെ പ്രാഥമികാന്വേഷണം നടത്താന്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പദവിയില്‍ നിന്നും രാജിവെച്ച് ഒഴിയുന്നത്. നാളെ രാജിക്കത്ത് കൈമാറും. 

ബംഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. 'പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' എന്ന ചിത്രത്തിലേക്ക് അഭിനയിക്കാന്‍ വിളിച്ച തന്നോട് സംവിധായകന്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം. ചിത്രത്തില്‍ അഭിനയിക്കാനാണ് തന്നെ വിളിച്ചതെന്നാണ് ശ്രീലേഖ മിത്ര പറഞ്ഞത്.

ഭയന്നാണ് ഹോട്ടല്‍ മുറിയില്‍ ഒരു രാത്രി കഴിഞ്ഞത്. തിരിച്ച് നാട്ടിലേക്ക് പോകാനുള്ള പണം പോലും തന്നില്ല. ഒറ്റയ്ക്കാണ് നാട്ടിലേക്ക് മടങ്ങിയതെന്നും നടി വെളിപ്പെടുത്തി. എന്നാല്‍ നടിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് രഞ്ജിത്തും രംഗത്തെത്തി. നടി ഓഡിഷന് വന്നിരുന്നെന്നും എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യയല്ലാത്തതിനാല്‍ പരിഗണിച്ചില്ലെന്നുമാണ് സംവിധായകന്റെ വിശദീകരണം.

ആരോപണത്തിനു പിന്നാലെ, രഞ്ജിത്ത് അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നു. രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ രഞ്ജിത്തിനെതിരെ രംഗത്തെത്തി. ഇതിനിടയില്‍, സംവിധായകനെ പിന്തുണച്ചുള്ള മന്ത്രി സജി ചെറിയാന്റെ നിലപാടും വിമര്‍ശിക്കപ്പെട്ടു.

കേസെടുക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. എന്നാല്‍, ആരോപണം ഉന്നയിച്ച നടി പരാതി നല്‍കുകയോ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയോ ചെയ്യാതെ കേസെടുക്കേണ്ട എന്ന നിലപാടിലായിരുന്നു പൊലീസ്. ഇതിനിടയിലാണ് പ്രാഥമികാന്വേഷണം നടത്താന്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചത്.


SCROLL FOR NEXT