NEWSROOM

സിനിമാ മേഖലയിലെ വെളിപ്പെടുത്തല്‍: എല്ലാ പരാതികളിലും കേസെടുക്കില്ല; വ്യക്തതയുള്ളതില്‍ മാത്രം എഫ്ഐആര്‍

ബിഎൻഎസ് 173 അനുസരിച്ച് പ്രാഥമിക അന്വേഷണം നടത്താമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

Author : ന്യൂസ് ഡെസ്ക്


മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വെളിപ്പെടുത്തലുകളില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. തൊഴിലിടത്തെ ലൈംഗിക ചൂഷണം ഉള്‍പ്പെടെ പരാതികള്‍ അന്വേഷണ സംഘം പരിശോധിച്ചു തുടങ്ങി. അതേസമയം, രേഖാമൂലമുള്ള എല്ലാ പരാതികളിലും കേസെടുക്കില്ല. വ്യക്തതയുള്ള പരാതികളില്‍ മാത്രം എഫ്ഐആര്‍ മതിയെന്നാണ് തീരുമാനം. ബി എൻ എസ് 173 അനുസരിച്ച് പ്രാഥമിക അന്വേഷണം നടത്താമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. 

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിട്ട ദുരനുഭവങ്ങള്‍ അന്വേഷിക്കുന്നതിന് രൂപം നല്‍കിയ പ്രത്യേക അന്വേഷണ സംഘം പൊലീസ് ആസ്ഥാനത്ത് യോഗം ചേര്‍ന്നാണ് തുടരന്വേഷണത്തിന് രൂപം നല്‍കിയത്. പ്രധാനപ്പെട്ട എല്ലാ കേസുകളും മുതിർന്ന വനിതാ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. അന്വേഷണ സംഘത്തിൽ കൂടുതൽ വനിതാ ഓഫീസർമാരെയും ഉൾപ്പെടുത്തി.

ഇതുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ കേസുകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാനും നിർദ്ദേശം നൽകി. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലായിരുന്നു യോഗം. പ്രത്യേക അന്വേഷണ സംഘത്തിലെ ഓഫീസർമാരെ കൂടാതെ മുതിർന്ന ഐ പി എസ് ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു.

പൊലീസിന് ലഭിച്ച പരാതികള്‍ക്കൊപ്പം, ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ നടിമാരുടെ മൊഴി അന്വേഷസംഘം രേഖപ്പെടുത്തും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും പരിശോധിക്കും. നടന്മാരായ മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവരടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച മിനു മുനീര്‍, സംവിധായകന്‍ രജ്ഞിത്തിനെതിരെ ബംഗാളി നടി, സംവിധായകന്‍ വി.കെ പ്രകാശിനെതിരെ യുവ കഥാകൃത്ത്, നടന്‍ ബാബുരാജിനും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമെതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്നിവരാണ് ഇതുവരെ രേഖാമൂലം പരാതി നല്‍കിയത്. യുവനടി രേവതി സമ്പത്ത് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെതിരെ നടന്‍ സിദ്ദീഖും പരാതി നല്‍കിയിട്ടുണ്ട്.

SCROLL FOR NEXT