NEWSROOM

ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സൂക് യോള്‍ പുറത്താകുമോ? അന്തിമ വിധി നാളെ

എട്ട് അംഗങ്ങളുള്ള ഭരണഘടനാ ബെഞ്ചില്‍ 6 ജഡ്ജിമാർ ഇംപീച്ച്മെന്‍റ് ശെരിവെച്ചാല്‍ യൂന്‍ പുറത്താകും

Author : ന്യൂസ് ഡെസ്ക്

ദക്ഷിണകൊറിയയില്‍ പട്ടാളഭരണം പ്രഖ്യാപിക്കാൻ ശ്രമിച്ച് ഇംപീച്ചുചെയ്യപ്പെട്ട പ്രസിഡന്‍റ് യൂന്‍ സൂക് യോളിന്‍റെ പുറത്താക്കലില്‍ അന്തിമ വിധി നാളെ. എട്ട് അംഗങ്ങളുള്ള ഭരണഘടനാ ബെഞ്ചില്‍ 6 ജഡ്ജിമാർ ഇംപീച്ച്മെന്‍റ് ശെരിവെച്ചാല്‍ യൂന്‍ പുറത്താകും. പുറത്താക്കലുണ്ടായാല്‍ 60 ദിവസത്തിനകം ദക്ഷിണകൊറിയ തെരഞ്ഞെടുപ്പിലേക്ക് നീങ്ങും. 


കഴിഞ്ഞവർഷം ഡിസംബർ 3ന് അർദ്ധരാത്രിയാണ് ഭരണപക്ഷത്തെപ്പോലും ഞെട്ടിച്ചുകൊണ്ട് പ്രസിഡന്‍റ് യൂന്‍ സൂക് യോള്‍ ദക്ഷിണകൊറിയയില്‍ പട്ടാളഭരണം പ്രഖ്യാപിച്ചത്. രാജ്യവിരുദ്ധ ശക്തികളെയും ഉത്തരകൊറിയന്‍ ചാരന്മാരെയും അടിച്ചമർത്താനുള്ള അവസാനവഴിയെന്നാണ് ജനാധിപത്യത്തെ അട്ടിമറിച്ചുള്ള നീക്കത്തെ പ്രസിഡന്‍റ് യൂന്‍ വിശേഷിപ്പിച്ചത്. എന്നാല്‍ പാർലമെന്‍റില്‍ ഭൂരിപക്ഷമുള്ള പ്രതിപക്ഷത്തിനുനേർക്കായിരുന്നു യൂനിന്‍റെ ഒളിയമ്പ്. തുടർന്ന് പട്ടാളഭരണത്തെ ചെറുക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങി. ഭരണകക്ഷിയായ സ്വന്തം പാർട്ടി നേതാക്കളുടെ പോലും പിന്തുണയില്ലാതെ പ്രസിഡന്‍റ് ഒറ്റപ്പെട്ടു. നഗരവീഥികളിലിറങ്ങിയ ടാങ്കറുകളെയും തോക്കേന്തിയ സെെനികരെയും വകവയ്ക്കാതെ ജനം സെെനിക ഭരണത്തെ തള്ളി. പാർലമെന്‍റ് വളഞ്ഞ വന്‍ സെെനിക വിന്യാസത്തെയും മറികടന്ന് സഭയ്ക്ക് അകത്തുപ്രവേശിച്ച അംഗങ്ങള്‍ പട്ടാളനിയമം റദ്ദാക്കാന്‍ ഐകകണ്ഠ്യേന വോട്ടുചെയ്തു.

വെറും ആറുമണിക്കൂറിനുള്ളില്‍ യൂന്‍ സൂക് യോള്‍ പ്രഖ്യാപിച്ച സെെനികനിയമം പരാജയപ്പെട്ടു. രാജ്യവിരുദ്ധപ്രവർത്തനവും കലാപാഹ്വാനവും ആരോപിച്ച് ഡിസംബർ 7ന് പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടി യൂനിനെതിരെ ആദ്യ ഇംപീച്ച്മെന്‍റ് പ്രമേയം അവതരിപ്പിച്ചു. എന്നാല്‍ യൂനിന്‍റെ പീപ്പിള്‍സ് പവർ പാർട്ടി വോട്ടെടുപ്പ് ബഹിഷ്കരിച്ചതോടെ പ്രമേയം പരാജയപ്പെട്ടു. ഭരണകക്ഷിയുടെ 8 വോട്ടുകള്‍ മാത്രമാണ് അന്ന് പ്രതിപക്ഷത്തിന് വേണ്ടിയിരുന്നത്. ഡിസംബർ 14ന് വീണ്ടും പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തെ അനുകൂലിച്ച് പീപ്പിള്‍സ് പവറിന്‍റെ എംപിമാരും വോട്ടുചെയ്തതോടെ യൂന്‍ ഇംപീച്ചുചെയ്യപ്പെട്ടു. പിന്നീട് ജനുവരിയില്‍ കലാപകുറ്റം ചുമത്തി അറസ്റ്റുചെയ്തെങ്കിലും, സിയോൾ ജില്ലാ കോടതി അറസ്റ്റ് റദ്ദാക്കി മാർച്ച് 8ന് യൂനിനെ ജയില്‍ മോചിതനാക്കി.



പാർലമെന്‍റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടെങ്കിലും ഇംപീച്ച്മെന്‍റില്‍ അവസാനവാക്ക് ഭരണഘടനാ കോടതിയുടെ വിധിയാണ്. പ്രസിഡന്‍റിന്‍റെ ഇംപീച്ച്മെന്‍റ് ബെഞ്ച് ശരിവെയ്ക്കുന്ന പക്ഷം, അടുത്ത 60 ദിവസത്തികം ദക്ഷിണകൊറിയ തെരഞ്ഞെടുപ്പിലേക്ക് നീങ്ങും. നിലവില്‍ 8 അംഗങ്ങളുള്ള ഭരണഘടനാ ബെഞ്ചില്‍ 6 ലധികം ജഡ്ജിമാർ അനുകൂലിച്ചാലാണ് പുറത്താക്കല്‍ നടപടിയുണ്ടാവുക. അല്ലാത്ത പക്ഷം, യൂന്‍ അധികാരത്തിലേക്ക് മടങ്ങും. യൂനിന്‍റെ പുറത്താക്കലിനെതുടർന്ന് ആക്ടിംഗ് പ്രസിഡന്‍റായി ചുമതലയേറ്റ ഹാൻ ഡക്ക്-സൂവിന്‍റെ ഇംപീച്ച്മെന്‍റ് ഇത്തരത്തില്‍ പരാജയപ്പെട്ടിരുന്നു. അതേസമയം, ഏതുസാഹചര്യത്തെയും നേരിടാന്‍ വന്‍ സുരക്ഷാസന്നാഹമാണ് ദക്ഷിണകൊറിയയില്‍ സജ്ജമാക്കിയിരിക്കുന്നത്.

വിധി പ്രസ്താവിക്കുന്ന സിയോളിലെ കോടതി കെട്ടിടത്തിന് 100 മീറ്റർ ചുറ്റളവിൽ പ്രവേശനം നിരോധിച്ചിട്ടുണ്ട്. സമീപത്തെ പുരാതന കെട്ടിടങ്ങളക്കം എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചിടും. തീവെയ്പ്പ് തടയാന്‍ പെട്രോള്‍ പമ്പുകള്‍ അടച്ചു. കല്ലും മറ്റുവസ്തുക്കളുമെറിയുന്നത് തടയാന്‍ സമീപത്തെ ബഹുനില കെട്ടിടങ്ങളുടെ ടെറസുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു. നായാട്ടിനായി അനുവദിച്ച തോക്ക് വില്‍പ്പന നിർത്തിവെയ്ക്കുകയും, ലെെസന്‍സുള്ളവരെ ജിപിഎസ് വഴി ട്രാക്കുചെയ്യാനുമാണ് പൊലീസിന്‍റെ നീക്കം. ഡ്രോണുകളെ തടയാന്‍ കോടതിക്ക് മുകളിൽ നോ ഫ്ലെെ സോണും പ്രഖ്യാപിച്ചുണ്ട്. സിയോളിലുടനീളം 14,000-ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരാണ് വിധി ദിനത്തെ സുരക്ഷയ്ക്കായി സജ്ജമായിരിക്കുന്നത്.

SCROLL FOR NEXT