കഴിഞ്ഞ ദിവസം ഡൽഹിയിലെ സ്വകാര്യ നഴ്സിംഗ് ഹോമിൽ 55 കാരനായ ഡോക്ടറെ വെടിവെച്ചു കൊലപ്പെടുത്തിയ 17 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കൊപ്പമുണ്ടായിരുന്ന കൗമാരക്കാരനായ മറ്റൊരു സുഹൃത്തിനു വേണ്ടി അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഡൽഹിയിലെ കാളിന്ദി കുഞ്ച് ഏരിയയിലെ നിമ ഹോസ്പിറ്റലിൽ പ്രഥമ ശുശ്രൂഷയ്‌ക്കായി തൻ്റെ കൗമാരക്കാരനായ സുഹൃത്തിനൊപ്പം എത്തിയ പ്രതി യുനാനി മെഡിസിൻ പ്രാക്ടീഷണറായ ഡോ. ജാവേദ് അക്തറിനെയാണ് വെടിവെച്ചു കൊലപ്പെടുത്തിയത്.
ചികിത്സയ്‌ക്കായി കൂടുതൽ പണം ഈടാക്കിയെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നും പ്രായപൂർത്തിയാകാത്ത പ്രതി ഡോക്ടറോട് പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിന് ശേഷം, അവസാനം 2024 ൽ കൊലപാതകം നടത്തി എന്ന അടിക്കുറിപ്പോടെ തൻ്റെ ഫോട്ടോയും പ്രതി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കു വെച്ചു. രണ്ട് ആൺകുട്ടികളും ഒരേ പ്രദേശത്താണ് താമസിച്ചിരുന്നതെന്നും കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
കൗമാരക്കാരായ രണ്ട് പ്രതികളും ബുധനാഴ്ച രാത്രി വൈകി പരിക്കേറ്റ കാൽവിരലിന് ഡ്രസ്സിംഗ് മാറ്റാനാണ് ആശുപത്രിയിൽ എത്തിയത്. തലേ ദിവസവും ഇവർ ചികിത്സക്കായി ആശുപത്രിയിൽ എത്തിയിരുന്നു. ഡ്രസ്സിംഗ് പൂർത്തിയാക്കിയ ശേഷം, ഒരു കുറിപ്പടി വേണമെന്ന് പറഞ്ഞ പ്രതികൾ ഡോ. അക്തറിൻ്റെ ക്യാബിനിലേക്ക് പോയി. മിനിറ്റുകൾക്ക് ശേഷം നഴ്‌സിംഗ് സ്റ്റാഫായ ഗജല പർവീനും എംഡി കാമിലും വെടിയൊച്ച കേട്ട് ഡോക്ടറുടെ ക്യാബിനിലേക്ക് ഓടിച്ചെന്നപ്പോലാണ് തലയ്ക്ക് വെടിയേറ്റ് രക്തം ഒഴുകുന്ന നിലയിൽ ഡോക്ടറെ കണ്ടത്.
കൊൽക്കത്തയിൽ നൈറ്റ് ഷിഫ്റ്റിലായിരുന്ന ഒരു ഡോക്ടറെ സർക്കാർ ഹോസ്പിറ്റലിൽ വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ രാജ്യവ്യാപക പ്രതിഷേധം നടത്തുന്നതിനിടെയാണ് പുതിയ സംഭവം.