NEWSROOM

ഒടുവില്‍ ചർച്ച: മണിപ്പൂർ കലാപത്തില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രി ബിരേന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രിയുമായുണ്ടായ ചര്‍ച്ചയില്‍ മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എന്തു ചെയ്യാനാകുമെന്ന് സംസാരിച്ചുവെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്

Author : ന്യൂസ് ഡെസ്ക്

മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ വര്‍ഷം മുതല്‍ മണിപ്പൂരില്‍ നടക്കുന്ന ഗോത്ര കലാപങ്ങള്‍ ചര്‍ച്ചയില്‍ വിഷയമായി.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പ്രത്യേക യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയതായിരുന്നു ബിരേന്‍ സിങ്. യോഗത്തിനു ശേഷം പ്രധാനമന്ത്രിയുമായുണ്ടായ ചര്‍ച്ചയില്‍ മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എന്തെല്ലാം ചെയ്യാനാകുമെന്ന കാര്യങ്ങള്‍ സംസാരിച്ചുവെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കേന്ദ്രമന്ത്രിമാരായ അമിത് ഷായും രാജ്‌നാഥ് സിങ്ങും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കുന്നില്ല എന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടയിലാണ് കൂടിക്കാഴ്ച നടന്നിരിക്കുന്നത്. ലോക്സഭയിലെ പ്രധാനമന്ത്രിയുടെ രണ്ട് മണിക്കൂര്‍ നീണ്ട രാഷ്ട്രപതിക്കുള്ള നന്ദി പ്രമേയ പ്രസംഗത്തെ, മണിപ്പൂര്‍ വിഷയം ഉയര്‍ത്തി പ്രതിപക്ഷം പല തവണ തടസപ്പെടുത്തിയിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മണിപ്പൂരിലെ രണ്ട് സീറ്റുകളും കോണ്‍ഗ്രസ് നേടിയതിനു പിന്നാലെയാണ് പ്രശ്‌ന പരിഹാരത്തിനായി പ്രധാനമന്ത്രി ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മണിപ്പൂര്‍ ഗവര്‍ണര്‍ അനസിയ യുകെയിയെ മാറ്റി പകരം ലക്ഷ്മണ്‍ പ്രസാദ് ആചാര്യയെ നിയമിച്ചത്.

കഴിഞ്ഞ വര്‍ഷം മുതല്‍ മണിപ്പൂരില്‍ കുക്കി-മെയ്‌തെ വിഭാഗങ്ങള്‍ തമ്മില്‍ നടക്കുന്ന ഗോത്ര സംഘര്‍ഷങ്ങളില്‍ 220 പേരാണ് ഇതുവരെ മരിച്ചിരിക്കുന്നത്. 50,000 ജനങ്ങള്‍ മണിപ്പൂരില്‍ നിന്നും കുടിയൊഴിക്കപ്പെട്ടിട്ടുണ്ട്.

SCROLL FOR NEXT