പതിനയ്യായിരം തൊഴിലാളികളെ പിരിച്ചുവിടാൻ തയ്യാറെടുത്ത് ലോകത്തെ ഏറ്റവും വലിയ ചിപ് നിർമാതാക്കളായ ഇന്‍റൽ. രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കുന്ന ബോർഡ് മീറ്റിങ്ങിൽ സിഇഒ പാറ്റ് ഗെൽസിംഗർ തീരുമാനം അംഗങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. ഇന്ത്യയിൽ പതിമൂവായിരം പേരാണ് ഇന്‍റൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്.
അമേരിക്കയ്ക്കു പുറത്ത് ഇന്‍റലിന് ഏറ്റവും കൂടുതൽ ജീവനക്കാരുള്ളത് ഇന്ത്യയിലാണ്. അതിൽ ബഹുഭൂരിപക്ഷവുമുള്ളത് ബെംഗളൂരുവിലും. ഇന്‍റല്‍ ജീവനക്കാരിൽ നല്ലൊരു ശതമാനം മലയാളികളാണ്. അടുത്തവർഷത്തോടെ പതിനയ്യായിരം തൊഴിലാളികളെ കുറയ്ക്കാൻ തീരുമാനിച്ചതോടെ ആശങ്കയിലാകുന്നത് ഇന്ത്യയിലെ ജീവനക്കാർ കൂടിയാണ്.
ഈ വർഷം കമ്പനിക്ക് ഏറ്റവും മോശം വരുമാനമുണ്ടായ വർഷമാണ്. സ്ഥിതി വഷളായതോടെയാണ് ആസ്തി വിൽപനയും തസ്തിക ചുരുക്കലും ആരംഭിച്ചത്. ഇൻ്റലിൻ്റെ പ്രോഗാമിങ്ങ് ചിപ്പ് യൂണിറ്റ് ALTERA പോലുള്ള ബിസിനസുകൾ വിൽക്കുന്നതും ഇതിനെ തുടർന്നാണ്. സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാനും വിപണിയിലെ സ്ഥാനം പുനരുജ്ജീവിപ്പിക്കാനുമാണ് കമ്പനി ഇത്തരം പരിഷ്കരണങ്ങളിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം.
എതിരാളികളായ എൻവിഡിയ, എഎംഡി, ക്വാൽകോം എന്നിവയിൽ നിന്ന് ഇന്‍റൽ കടുത്ത വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇസ്രയേലിൽ ഫാക്ടറി തുടങ്ങാനുള്ള പദ്ധതിയും തൽക്കാലം മാറ്റിവെയ്ക്കുകയാണെന്ന് ഇൻ്റെൽ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.