NEWSROOM

ദുരന്തബാധിതർക്ക് ധനാശ്വാസം, പദ്ധതി വിഹിതങ്ങളുടെ ക്രമീകരണം; നിർണായക തീരുമാനങ്ങളുമായി മന്ത്രിസഭാ യോഗം

കോഴിക്കോട് വാണിമേൽ ഗ്രാമപഞ്ചായത്തിലെ 9,10,11 വാർഡുകളെയും നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡും ദുരന്തബാധിതമായി പ്രഖ്യാപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു

Author : ന്യൂസ് ഡെസ്ക്

വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് ധനാശ്വാസം നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് നൽകിയിരുന്ന താൽക്കാലിക താമസത്തിനുള്ള വാടകയും, മരിച്ചവരുടെ നിയമപരമായ അവകാശികൾക്ക് സിഎംഡിആർഎഫിൽ നിന്നുള്ള അധിക എക്സ്ഗ്രേഷ്യയും ഉൾപ്പെടെയുള്ള എല്ലാ ധനാശ്വാസവും നൽകാനാണ് തീരുമാനം.

കോഴിക്കോട് വാണിമേൽ ഗ്രാമപഞ്ചായത്തിലെ 9, 10, 11 വാർഡുകളെയും, നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡും ദുരന്തബാധിതമായി പ്രഖ്യാപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മാത്രമല്ല, ഉരുൾപൊട്ടൽ ബാധിത കുടുംബങ്ങളിലെ എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും, പ്രാദേശിക ജനപ്രതിനിധികൾ ആവശ്യപ്പെട്ടത് പോലെ സൗജന്യ റേഷനും അനുവദിക്കും.

2024-25 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതങ്ങളുടെ ക്രമീകരണം സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശവും മന്ത്രിസഭ പുറപ്പെടുവിച്ചു. 10 കോടി രൂപയ്ക്ക് മുകളിലുള്ള തുടർ പദ്ധതികൾ ഉൾപ്പെടെ ഭരണാനുമതി നൽകിയ പദ്ധതികളുടെ അനിവാര്യത സംബന്ധിച്ച് ചീഫ് സെക്രട്ടറി, ധനകാര്യ, ആസൂത്രണ വകുപ്പ് സെക്രട്ടറിമാർ, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി എന്നിവരുടെ സമിതി പരിശോധിക്കണം. ആകെ തുകയുടെ 50% ആയി നിജപ്പെടുത്തുകയോ പദ്ധതി മാറ്റിവയ്ക്കുകയോ ചെയ്യാനാണ് നിർദേശം. 10 കോടിക്ക് താഴെയുള്ള പദ്ധതികളുടെയും അനിവാര്യത പരിശോധിക്കും.

SCROLL FOR NEXT