NEWSROOM

കാലടി യൂണിവേഴ്‌സിറ്റിയില്‍ ജനല്‍പാളികള്‍ കാണാതായി, വിദ്യാര്‍ഥികളില്‍ നിന്ന് ഫൈന്‍ ഈടാക്കാന്‍ ഉത്തരവ്; പ്രതിഷേധം

നഷ്ടം കണക്കാക്കി ഈ കെട്ടിടത്തിലെ വിദ്യാർഥികളിൽ നിന്ന് കോമൺ ഫൈൻ ഈടാക്കുന്നതിന് വൈസ് ചാൻസലർ നിർദേശിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

കാലടി സംസ്കൃത സർവ്വകലാശാല ക്യാംപസിലെ ഗ്ലാസ് ജനൽ പാളികൾ കാണാതായ സംഭവത്തിൽ വിദ്യാർഥികൾ ഫൈൻ അടയ്ക്കണമെന്ന ഉത്തരവിനെതിരെ പ്രതിഷേധം.  കാലടി സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർഥികൾക്കെതിരെയാണ് വൈസ് ചാൻസലർ ഫൈൻ ഈടാക്കണമെന്ന് ഉത്തരവിട്ടത്. സർവകലാശാല പെയിൻ്റിംഗ് ബ്ലോക്കിലെ സ്ലൈഡിങ് വിൻഡോകളിലെ ഓരോ ജനൽ പാളി വീതം ഇരുപതോളം സിംഗിൾ ജനൽപാളികൾ കാണാതായത്.

നഷ്ടം കണക്കാക്കി ഈ കെട്ടിടത്തിലെ വിദ്യാർഥികളിൽ നിന്ന് കോമൺ ഫൈൻ ഈടാക്കുന്നതിന് വൈസ് ചാൻസലർ നിർദേശിച്ചിരുന്നു. ജനൽ പാളികൾ കാണാതായതിനു കാരണം വിദ്യാർഥികളാണെന്നു കണ്ടെത്തിയിട്ടില്ല. ഇതു സംബന്ധിച്ച് ഒരു അന്വേഷണവും സർവകലാശാല നടത്തിയിട്ടില്ല.

തികച്ചും വിദ്യാർഥി വിരുദ്ധമായ നിലപാടാണ് സർവകലാശാല സ്വീകരിക്കുന്നത്. മുഴുവൻ വിദ്യാർഥികളെയും കള്ളന്മാരായി ചിത്രീകരിക്കുന്ന ഉത്തരവ് ഉടനെ പിൻവലിക്കണമെന്നും വിദ്യാർഥി സംഘടനയായ എഐഎസ്എഫ് ആവശ്യപ്പെട്ടു. ഇത്തരം ഹീനമായ പ്രവൃത്തി യൂണിവേഴ്‌സിറ്റിയുടെ ഭാടത്തു നിന്ന് ഉണ്ടായത് പ്രതിഷേധാർഹമാണെന്നും വിദ്യാർഥികൾ പറഞ്ഞു. 

മോഷണം നടന്നിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തട്ടാം എന്ന യൂണി‌വേഴ്സിറ്റിയുടെ നിലപാട് കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്കാകെ കളങ്കം വരുത്തുകയാണ്. ആയതിനാൽ ഉത്തരവ് പിൻവലിച്ച് യഥാർഥ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട്  ശക്തമായ വിദ്യാർഥി പ്രതിഷേധമാണ് ഉയരുന്നത്.


SCROLL FOR NEXT