NEWSROOM

അനധികൃത ഫ്ലക്സുകള്‍ സ്ഥാപിക്കുന്നവർക്കെതിരെ എഫ്ഐആറും പിഴയും; കർശന മാര്‍ഗ നിര്‍ദേശങ്ങളുമായി ഹൈക്കോടതി

ഫ്ലക്‌സ് നിരോധന ഉത്തരവുകള്‍ നടപ്പാക്കിയതിന് സര്‍ക്കാരിനെ ഹൈക്കോടതി അഭിനന്ദിക്കുകയും ചെയ്തു

Author : ന്യൂസ് ഡെസ്ക്

അനധികൃത ഫ്ലക്‌സുകൾ സ്ഥാപിക്കുന്നതിൽ കര്‍ശന നടപടി തുടരണമെന്ന് ഹൈക്കോടതി. നടപടിയെടുക്കാന്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പിഴ ഈടാക്കണമെന്നും കോടതി നിർദേശിച്ചു. ഫ്ലക്‌സ് നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്.

സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ അനുസരിച്ച് എസ്എച്ച്ഒമാര്‍ നടപടിയെടുക്കണമെന്ന് നിർദേശിച്ച ഹൈക്കോടതി കർശന മാർ​ഗ നിർദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രാദേശിക പൊലീസ് കേസെടുക്കുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി ഉറപ്പാക്കണം. നിരോധന ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. പ്രതിമാസ റിവ്യൂ യോഗങ്ങള്‍ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍മാര്‍ വിളിച്ചുചേര്‍ക്കണം. ജില്ലാതല നിരീക്ഷണ സമിതി കണ്‍വീനര്‍മാരും അവലോകന യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണം. ഫ്ലക്‌സ് നിരോധനം നടപ്പാക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും ഉറപ്പാക്കണം എന്നിങ്ങനെയാണ് കോടതിയുടെ മാർ​ഗനിർദേശങ്ങൾ.

ഫ്ലക്‌സ് നിരോധന ഉത്തരവുകള്‍ നടപ്പാക്കിയതിന് സര്‍ക്കാരിനെ ഹൈക്കോടതി അഭിനന്ദിക്കുകയും ചെയ്തു. മുൻപ് അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാത്തതിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം നേരിട്ടിരുന്നു. നടപടി സ്വീകരിക്കാന്‍ ധൈര്യം വേണമെന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം. രാഷ്ട്രീയക്കാരുടെ മുഖം ബോർഡുകളിലില്ലാതായാൽ നിരത്തുകൾ മലീമസമാക്കുന്ന നടപടിയിൽ മാറ്റം വരുമെന്നായിരുന്നു കോടതിയുടെ അന്നത്തെ നിരീക്ഷണം. പിന്നാലെ , സെക്രട്ടറിയേറ്റിനുള്ളിൽ ഫ്ലക്സ് ബോർഡുകള്‍ക്കും പരസ്യങ്ങള്‍ക്കും വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. കെട്ടിങ്ങളിലോ പരിസരത്തോ ഔദ്യോഗികമായതും അല്ലാത്തതുമായ പരസ്യങ്ങള്‍ പാടില്ലെന്നായിരുന്നു ഉത്തരവ്. സെക്രട്ടറിയേറ്റ് ക്യാംപസിനുള്ളിലെ ഓഫീസുകളിലും സെക്ഷനുകളിലും വിലക്ക് ബാധകമാണ്. ഉത്തരവ് ലംഘിച്ചാൽ പോസ്റ്റർ ഒന്നിന് 500 രൂപ പിഴയിടാക്കാനായിരുന്നു നിർദേശം.

SCROLL FOR NEXT