ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ എഫ്ഐആർ ഫയൽ ചെയ്ത് പൊലീസ്. വിവാദ പുരോഹിതൻ യതി നരസിംഹാനന്ദയുടെ സഹായിയുടെ പരാതിയെത്തുടർന്നാണ് നടപടി. മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിനാണ് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ എഫ്ഐആർ ഫയൽ ചെയ്‌തത്. പ്രവാചകൻ മുഹമ്മദിനെ വിമര്‍ശിച്ചുകൊണ്ട് നടത്തിയ പരാമർശങ്ങൾക്കെതിരെ നരസിംഹാനന്ദന്‍ വിവിധ മുസ്ലീം ഗ്രൂപ്പുകളിൽ നിന്നും വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ടായിരുന്നു.
ഒക്‌ടോബർ മൂന്നിന് നരസിംഹാനന്ദയുടെ പഴയ പരിപാടിയുടെ വീഡിയോ ക്ലിപ്പിംഗ് സുബൈർ പോസ്റ്റ് ചെയ്‌തതിനെ തുടർന്ന് മുസ്ലീംങ്ങള്‍ അക്രമം അഴിച്ചുവിട്ടതായി യതി നരസിംഹാനന്ദ സരസ്വതി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഉദിത ത്യാഗി കവിനഗർ പൊലീസിന് നൽകിയ പരാതിയിൽ ആരോപിച്ചു.
ALSO READ: വിരമിക്കൽ പ്രഖ്യാപനം നടത്തി ജിംനാസ്റ്റിക്സ് താരം ദിപ കർമാക്കർ
സെക്ഷൻ 196 (മതത്തിൻ്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 228 (തെറ്റായ തെളിവ് നൽകുകയോ കെട്ടിച്ചമയ്ക്കുകയോ ചെയ്യുക), 299 (ഏതെങ്കിലും വർഗത്തിൻ്റെ മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ) പ്രകാരമാണ് സുബൈറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
സുബൈർ പുറത്തു വിട്ട വിഡിയോ ക്ലിപ്പിങ് കണ്ടതിനു ശേഷം തൻ്റെ വീടിന് ചുറ്റും നിരവധി ആളുകൾ തടിച്ചു കൂടിയെന്നും ഇതേ തുടർന്ന് വീടിന്‍റെ പരിസരത്ത് സുരക്ഷ ഏർപ്പെടുത്തേണ്ടി വന്നതായും നരസിംഹാനന്ദ പറഞ്ഞു. പ്രതിഷേധത്തിനിടെ കല്ലേറ് നടത്തിയതിന് 10 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.