കൊല്ലം കടയ്ക്കലിൽ ഇന്ത്യൻ ബാങ്ക് ശാഖയിലെ തീപ്പിടുത്തത്തിൻ്റെ കാരണം ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം.ബാങ്കിനുള്ളിലെ കംപ്യൂട്ടർ സെക്ഷനിൽ നിന്നാകാം തീ പടർന്നതെന്നാണ് കരുതുന്നത്. ഇന്ന് പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടുകൂടി എടിഎമ്മിൽ നിന്ന് പണം എടുക്കാൻ വന്ന പ്രദേശവാസികളാണ് ബാങ്കിൽ നിന്ന് പുകയും തീയും ഉയരുന്നത് കണ്ടത്. നാട്ടുകാർ കടയ്ക്കലിലെ ഫയർ ഫോഴ്സ് യൂണിറ്റിനെ വിവരം അറിയിച്ചെങ്കിലും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് ബാങ്കിനുള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. പിന്നീട് ബാങ്ക് അധികൃതർ എത്തിയ ശേഷമാണ് ഫയർ ഫോഴ്സ് ഉള്ളിൽ പ്രവേശിച്ചത്. ബാങ്കിനുള്ളിലെ കംപ്യൂട്ടറുകൾ കത്തിനശിച്ചിട്ടുണ്ട്.
ഷോർട്ട് സർക്യൂട്ട് മൂലമാകാം ഇത് സംഭവിച്ചതെന്നാണ് ഫയർ ഫോഴ്സിൻ്റെ പ്രാഥമിക നിഗമനം. തീപിടിത്തത്തിൽ ബാങ്കിനുള്ളിൽ തങ്ങി നിന്ന പുക പടലങ്ങൾ മുഴുവൻ പ്രദേശത്തും വ്യാപിച്ചിരുന്നു. മറ്റ് നാശ നഷ്ടങ്ങളെ കുറിച്ച് ഇന്ന് പൊലീസ് പരിശോധന നടത്തും. ബാങ്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും പരിശോധന. തീപിടിത്തത്തിൻ്റെ മറ്റു സാധ്യതകളും പൊലീസ് തള്ളി കളയുന്നില്ല.